ദില്ലി: മഞ്ഞുമലകൾക്കിടയിൽ ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയുടെ പുതിയ പരീക്ഷണം വിജയകരം.ഡിആർഡിഒ വികസിപ്പിച്ച അഡ്വാൻസ്ഡ് ഹൈ-ആൾട്ടിറ്റ്യൂഡ് പാരച്യൂട്ടിന്റെ പരീക്ഷണമാണ് ലഡാക്കിലെ ന്യോമയിൽ വിജയകരമായി പൂർത്തിയാക്കിയത്.സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 16,000 അടി ഉയരത്തിൽ നിന്നാണ് ജമ്പ് നടത്തിയത്. 15,500 അടി ഉയരത്തിലെത്തിയപ്പോൾ പാരച്യൂട്ട് തുറന്നു. തുടർന്ന് 13,700 അടി ഉയരത്തിലുള്ള ന്യോമ ഡ്രോപ്പ് സോണിൽ സുരക്ഷിതമായി ലാൻഡിങ് നടത്തി.ഓക്സിജന്റെ അളവ് കുറവും കാലാവസ്ഥ അതീവ പ്രതികൂലവുമായ ഉയർന്ന പ്രദേശങ്ങളിൽ സൈനികരെ സുരക്ഷിതമായി ഇറക്കുന്നതിനുള്ള സംവിധാനത്തിന്റെ ശേഷിയാണ് പരീക്ഷണത്തിലൂടെ വിലയിരുത്തിയത്.
18,000 അടി വരെ ഉയരത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്ന രീതിയിലാണ് പാരച്യൂട്ട് വികസിപ്പിച്ചിരിക്കുന്നത്. ഹിമാലയൻ മേഖലയിലെ സൈനിക വിന്യാസങ്ങൾക്ക് ഇത് ഏറെ പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.ആഗ്ര ആസ്ഥാനമായ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പാരച്യൂട്ട് രൂപകൽപ്പന ചെയ്തത്. കാൺപൂരിലെ ഓർഡനൻസ് പാരച്യൂട്ട് ഫാക്ടറിയിലാണ് നിർമ്മാണം.പ്രതികൂല സാഹചര്യങ്ങളിലും സൈനികരെ സുരക്ഷിതമായി താഴെയിറക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിൽ ഈ വിജയകരമായ പരീക്ഷണം ഇന്ത്യൻ പ്രതിരോധ സേനയ്ക്ക് നിർണായക നേട്ടമാണ്.



