ഏകൻ നായകനായി എത്തുന്ന ചിത്രം ഹൈക്കു റിലീസിനൊരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ആഗോളതലത്തിൽ ഒക്ടോബർ 23 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ഏകന്റെ നായികയായി ശ്രീദേവി എത്തുന്ന ചിത്രത്തിൽ ഫെമിന ജോർജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ തമിഴ്‌നാട് തിയേറ്റർ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ശക്തി ഫിലിം ഫാക്ടറിയാണ്. റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുന്നത്. വിഷൻ സിനിമ ഹൗസിന്റെ ബാനറിൽ ഡോ. ഡി. അരുളനന്ദുവും മാത്യു അരുളനന്ദുവും ചേർന്ന് നിർമ്മിക്കുന്ന ‘ഹൈക്കു’ സംവിധാനം ചെയ്യുന്നത് യുവരാജ് ചിന്നസാമിയാണ്.
നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘ജോ’ (Joe) എന്ന ചിത്രം സംവിധാനം ചെയ്ത ഹരിഹരൻ റാം ആണ് ഈ ചിത്രത്തിന് അഡീഷണൽ സ്ക്രീൻപ്ലെ ഒരുക്കുന്നത്.തിയേറ്റർ റിലീസിന് ശേഷമുള്ള ഫലങ്ങൾക്കായി കാത്തുനിൽക്കുന്ന പതിവ് രീതിയിൽ നിന്ന് മാറി, ചിത്രീകരണം ആരംഭിക്കുന്ന ഘട്ടത്തിൽ തന്നെ നെറ്റ്ഫ്ലിക്സ് ഈ ചിത്രത്തോടൊപ്പം ചേർന്നത് തികച്ചും അപൂർവ്വമായ ഒരു നീക്കമാണ്. തമിഴ്, തെലുങ്ക് , മലയാളം തുടങ്ങീ ഭാഷകളിലാണ് ചിത്രമെത്തുന്നത്.
പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹണവും ശക്തി പ്രണേഷ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് ‘കോർട്ട്’, ‘ബേബി’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ വിജയ് ബുൾഗാനിൻ ആണ്. ‘ജോ’, ‘കോഴിപ്പണ്ണൈ ചെല്ലദുരൈ’ എന്നീ ചിത്രങ്ങളിലൂടെ പരിചിതനായ ഏകൻ നായകനാകുമ്പോൾ, ‘മിന്നൽ മുരളി’, ‘ശേഷം മൈക്കിൽ ഫാത്തിമ’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ ഫെമിന ജോർജ്, ‘കോർട്ട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ശ്രീദേവി അപ്പല്ല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.



