തിരുവനന്തപുരം: ടെക്നോപാർക്കിലെ ‘ ജിസിസി ലോഞ്ച്പാഡ് ‘ (GCC Launchpad) നടത്തുന്നതിനും പരിപാലിക്കുന്നതിനുമായി ബിഡുകൾ (ടെൻഡറുകൾ) ക്ഷണിച്ചു. തിരുവനന്തപുരം ടെക്നോപാർക്കിൽ സജ്ജമാക്കിയിട്ടുള്ള ഫെസിലിറ്റി, ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകൾക്ക് (GCCs) പ്രവർത്തനം ആരംഭിക്കുന്നതിനായി താൽക്കാലികമായി ഉപയോഗിക്കാവുന്ന ഓഫീസ് ഇടമാണ് നൽകുന്നത്.
ചാലിയാർ ഐടി കെട്ടിടത്തിൽ ഒരുങ്ങുന്ന ഈ സൗകര്യം കേരളത്തിൽ പ്രവർത്തനം ആരംഭിക്കാൻ ആഗ്രഹിക്കുന്ന ആഗോള കമ്പനികൾക്ക് പൂർണ സേവനങ്ങളോടെയുള്ളതും ഉടൻ ഉപയോഗിക്കാവുന്നതുമായ ഓഫീസ് ഇടം ലഭ്യമാക്കും. കമ്പനി രൂപീകരണം, നിയമപരമായ നടപടിക്രമങ്ങൾ പാലിക്കൽ എന്നിവയിൽ സർക്കാർ സഹായവും ലോഞ്ച്പാഡ് ഉറപ്പാക്കും. ഇതുവഴി ദീർഘകാലത്തേക്ക് ഓഫീസ് സ്ഥലം ഏറ്റെടുക്കുന്നതിന് മുൻപ് സംസ്ഥാനത്ത് തങ്ങളുടെ പ്രവർത്തനങ്ങൾ പരീക്ഷിച്ചുനോക്കാൻ കമ്പനികൾക്ക് അവസരം ലഭിക്കും.
കേരളത്തിൽ നിലവിൽ സാന്നിധ്യമില്ലാത്ത ജിസിസി (ജിസിസി) സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക. ആദ്യ ആറുമാസത്തേക്ക് ഇവിടെ പ്രവർത്തിക്കുന്ന കമ്പനികൾ പ്രവർത്തനച്ചെലവ് മാത്രം നൽകിയാൽ മതിയാകും. സ്ഥലത്തിനോ ഉപയോഗത്തിനോ പ്രത്യേക വാടകയോ ഫീസോ ഈടാക്കില്ല. അപേക്ഷാ ക്ഷണരേഖ പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഓപ്പറേറ്റർ ചാലിയാർ കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നും രണ്ടും നിലകളും (ആകെ ഏകദേശം 50,000 ചതുരശ്ര അടി വിസ്തീർണ്ണം) 20 വർഷത്തെ പാട്ടത്തിന് ഏറ്റെടുക്കും. കെട്ടിടം കൈമാറുന്ന തീയതി മുതൽ ആറുമാസത്തേക്ക് വാടക നൽകേണ്ടതില്ല.
ടെക്നോപാർക്കിന് വേണ്ടി താഴത്തെ നിലയിലെ ലോഞ്ച്പാഡ് വികസിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിനൊപ്പം മുകളിലത്തെ നിലകൾ ‘ഗ്രേഡ് എ’ നിലവാരത്തിൽ സജ്ജീകരിച്ച് ജിസിസി കമ്പനികൾക്ക് വാടകയ്ക്ക് നൽകുന്ന ചുമതലയും ഓപ്പറേറ്റർക്കായിരിക്കും. സൗകര്യങ്ങളുടെ പരിപാലനം, ജിസിസി കമ്പനികളെ ആകർഷിക്കുന്നതിനുള്ള ബിസിനസ് വികസന പ്രവർത്തനങ്ങൾ എന്നിവയും ഓപ്പറേറ്ററുടെ ഉത്തരവാദിത്തമായിരിക്കും.



