ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് നേരിട്ട കനത്ത തിരിച്ചടിയിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് സംസ്ഥാനത്തുടനീളം ഉണ്ടായതെന്നും ഇതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും എം.വി. ഗോവിന്ദൻ അറിയിച്ചു. പാർട്ടിയുടെ പരമ്പരാഗത കോട്ടകളിൽ പോലും വോട്ട് ചോർച്ച ഉണ്ടായ സാഹചര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വരുത്തി മുന്നോട്ട് പോകാനാണ് നേതൃത്വം ലക്ഷ്യമിടുന്നത്. മുൻ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് ശേഷവും തിരുത്തൽ നടപടികൾ കാര്യക്ഷമമായില്ലെന്ന വിമർശനങ്ങൾ നിലനിൽക്കുമ്പോൾ, ഇത്തവണത്തെ ഫലം വിശദമായി വിശകലനം ചെയ്യുമെന്ന് അദ്ദേഹം ആവർത്തിച്ചു.

ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടിയും സർക്കാരും സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും ഇതിലൂടെ ശക്തിയോടെ തിരിച്ചുവരാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഏതെങ്കിലും ഒരു മേഖലയിൽ മാത്രമല്ല, പൊതുവെ വോട്ടുകളിൽ കുറവുണ്ടായിട്ടുണ്ട്. പരാജയത്തിന്റെ കൃത്യമായ കാരണങ്ങൾ കണ്ടെത്താൻ ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്ത് സംഭവിച്ചു എന്ന് ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്. ഈ പരിശോധനയ്ക്ക് ശേഷം മാത്രമേ പരാജയത്തിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *