ഡൽഹി: സൈബർ സുരക്ഷാ ഭീഷണികൾ തടയുന്നതിനായി ഗൂഗിൾ, മൈക്രോസോഫ്റ്റ്, എക്സ് എഐ. എന്നീ കമ്പനികൾ തങ്ങളുടെ പുറത്തിറങ്ങാത്ത എഐ മോഡലുകൾ പരിശോധനയ്ക്കായി സർക്കാരുമായി പങ്കുവെക്കുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്‌സ് ആൻഡ് ടെക്‌നോളജി ചൊവ്വാഴ്ച അറിയിച്ചു. ആന്ത്രോപിക്കിന്റെ ശക്തിയേറിയ മിത്തോസ് എന്ന പുതിയ എഐ മോഡൽ നിർമിത ബുദ്ധി ചെലുത്തുന്ന സ്വാധീനവുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉയർത്തിയ സാഹചര്യത്തിലാണ് ഇങ്ങനെ ഒരു നീക്കമെന്നത് ശ്രദ്ധേയമാണ്. ഇതേ തുടർന്ന് എഐ മോഡലുകൾ ജനങ്ങളിലെത്തുന്നതിന് മുമ്പ് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള തീരുമാനത്തിലാണ് ട്രംപ് ഭരണകൂടം. ഇതിനുവേണ്ടിയുള്ള നിയമനിർമാണത്തിനും ഭരണകൂടം ശ്രമിക്കുകയാണ്. പുതിയ കരാറുകൾ പ്രകാരം യു.എസ്. വാണിജ്യ വകുപ്പിന് കീഴിലുള്ള സെന്റർ ഫോർ എഐ സ്റ്റാൻഡേർഡ്‌സ് ആൻഡ് ഇന്നവേഷൻ പുതിയ എഐ മോഡലുകൾ പുറത്തിറക്കുന്നതിന് പരിശോധിക്കുകയും മുൻപ് അവയുടെ സുരക്ഷയും ദേശീയ സുരക്ഷയിലുണ്ടാക്കാവുന്ന ആഘാതം വിലയിരുത്തുകയും ചെയ്യും. പിന്നീട് എഐ മോഡലുകൾ പുറത്തിറക്കിയതിന് ശേഷവും അവയിൽ ഗവേഷണങ്ങളും പരിശോധനകളും നടത്തും.
എഐ മോഡലുകൾ പുറത്തിറക്കും മുമ്പ് പരിശോധിക്കും
