തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ടീം യുഡിഎഫിന് നന്ദി പറഞ്ഞ് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ. കോൺഗ്രസ് പാര്‍ട്ടി ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇതെന്നും മുഖ്യമന്ത്രി പദം ഒരു ദൈവനിയോഗമായിട്ട് കാണുന്നുവെന്നും സതീശന് മാധ്യമങ്ങളോട് പറഞ്ഞു. എഐസിസിസിക്കും രാഹുല്‍ ഗാന്ധിക്കും കെ. സി വേണുഗോപാലിനും രമേശ് ചെന്നിത്തലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു. ചെന്നിത്തലയും കെ.സിയും തനിക്ക് ഏറെ പ്രിയപ്പെട്ട നേതാക്കളാണെന്നും പുതുകേരളം കെട്ടിപ്പടുക്കാന്‍ ടീം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സ്ഥാനം കിട്ടിയിട്ടും ടീം എന്ന് ആവർത്തിക്കുകയാണ് വിഡി സതീശൻ. എന്നെ ഞാനാക്കിയത് ടീം യുഡിഎഫാണ്. ജനം ഏൽപ്പിച്ച വലിയ ഉത്തരവാദിത്തമാണ് ഇത്. ജനങ്ങളോട് പറഞ്ഞതെല്ലാം ഓരോന്നായി നടത്തും. പുതുയുഗ സൃഷ്ടിക്ക് കഠിനാധ്വാനം ചെയ്യുമെന്നും പൊതു പ്രവർത്തനത്തിന്റേയും രാഷ്ട്രീയ പ്രവർത്തനത്തിന്റേയും നിർവചനം മാറ്റി എഴുതുമെന്നും വി. ഡി സതീശൻ പ്രതികരിച്ചു. കേരളത്തിലെ പ്രവർത്തനം ഏകോപിപ്പിച്ചത് കെ.സി വേണുഗോപാലാണ്. എന്റെ നേതാവ് കൂടിയാണ് രമേശ് ചെന്നിത്തല. എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. കേരളം കടന്ന് പോകുന്നത് സങ്കീർണ്ണ സാഹചര്യത്തിലൂടെയാണെന്നും എനിക്ക് ഒരാൾക്ക് ഒറ്റക്ക് ഒന്നും ചെയ്യാനാകില്ല, എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
