ഇനി വാഹന മോഡിഫിക്കേഷൻ നടക്കുമോ

പുതുതലമുറയെ ഏറെ ആകർഷിച്ച പ്രഖ്യാപനമായിരുന്നു വാഹനങ്ങളുടെ മോഡിഫിക്കേഷന് അനുമതി നൽകും എന്നത്. വി.ഡി. സതീശന്റെ പ്രഖ്യാപനവും യുഡിഎഫിന്റെ പ്രകടന പത്രികയിലെ വാഗ്ദാനം കൂടിയായപ്പോൾ അത് ഏറെ ശ്രദ്ധനേടി. ‘പിള്ളേര് മോഡിഫൈ ചെയ്യട്ടെ’ എന്ന് അടിക്കുറിപ്പോടെ വി.ഡി. സതീശൻ മോഡിഫിക്കേഷനെ കുറിച്ച് സംസാരിക്കുന്ന വീഡിയോയും നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.

നിയമക്കുരുക്കുകള്‍ ഒഴിവാക്കി ഇത് എങ്ങനെ നടപ്പാക്കാന്‍ കഴിയുമെന്ന ആലോചനയിലാണ് ഗതാഗത വകുപ്പ്. അപകടകരമായ രൂപമാറ്റമേത് അല്ലാത്തതേത് എന്നു പട്ടിക തയാറാക്കുകയാണെന്ന് ഗതാഗത കമ്മിഷണര്‍ സി.നാഗരാജു പറഞ്ഞു. അനുവദിക്കാവുന്ന രൂപമാറ്റങ്ങള്‍ ഏതൊക്കെയെന്ന് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കും. കേന്ദ്രനിയമം അനുസരിച്ചാണ് വാഹനങ്ങളുടെ റജിസ്‌ട്രേഷനടക്കം എല്ലാക്കാര്യങ്ങളും. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകനിയമം നിര്‍മിക്കാനാവില്ല. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 52 വും 2019ലെ സുപ്രീംകോടതി ഉത്തരവുമനുസരിച്ച് വാഹനം നിര്‍മിച്ച ശേഷം വരുത്തുന്ന മാറ്റങ്ങളെല്ലാം നിയമവിരുദ്ധമാണ്. നിയമക്കുരുക്കള്‍ ഒഴിവാക്കി ഇതു നടപ്പാക്കാനുള്ള വഴികളാണ് വകുപ്പ് നോക്കുന്നത്. അപകടകരമല്ലായെന്ന് കണ്ടെത്തിയ രൂപമാറ്റങ്ങള്‍ അനുവദിച്ചും, അവയ്ക്ക് പിഴയീടാക്കാണ്ടെന്ന് വ്യക്തമാക്കിയും വകുപ്പുതല ഉത്തരവിറക്കാം. കേന്ദ്ര നിയമത്തിലുള്ള ലംഘനകള്‍ക്ക് പിഴ എങ്ങിനെ ഈടാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *