തിരുവനന്തപുരം: വി. ഡി സതീശന്‍ സര്‍ക്കാരില്‍ മന്ത്രിമാര്‍ക്കുള്ള ഔദ്യോഗിക വാഹനങ്ങളില്‍ പതിമൂന്നാം നമ്പര്‍ വാഹനം ആര്‍ക്കും വേണ്ട. കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രി പി പ്രസാദ് ആയിരുന്നു 13 ആം നമ്പര്‍ കാര്‍ ഉപയോഗിച്ചിരുന്നത്. മന്ത്രിമാര്‍ ആരും വേണ്ടെന്ന് പറഞ്ഞതോടെ ഈ കാര്‍ ടൂറിസം വകുപ്പ് ഒഴിവാക്കി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിലും 13ാം നമ്പര്‍ ആരും ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ രണ്ട് പിണറായി വിജയന്‍ സര്‍ക്കാരിന്റെയും വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെയും കാലത്ത് മന്ത്രിമാര്‍ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങുകയായിരുന്നു. കഴിഞ്ഞ സര്‍ക്കാരില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദാണ് 13-ാം നമ്പര്‍ ഉപയോഗിച്ചത്.
ഒന്നാം പിണറായി സര്‍ക്കാരില്‍ ധനവകുപ്പ് മന്ത്രിയായിരുന്ന തോമസ് ഐസകും 2006ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ അന്ന് വിദ്യാഭ്യാസ മന്ത്രായായിരുന്ന എം എ ബേബിയും 13-ാം നമ്പര്‍ കാർ ചോദിച്ച വാങ്ങിയ ചരിത്രമുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ സമയത്ത് തുടക്കത്തില്‍ ആരും ഈ കാര്‍ എടുക്കാന്‍ തയാറായിരുന്നില്ല. ഇത് വാര്‍ത്തായപ്പോഴാണ് തോമസ് ഐസക്ക് മുന്നോട്ട് വന്നത്. അന്ന് അദ്ദേഹത്തോടൊപ്പം വി. എസ് സുനില്‍കുമാറും കെ ടി ജലീലും കാറേറ്റെടുക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. അശുഭകരമായ നമ്പറെന്ന അന്ധവിശ്വാസം 13-ാം നമ്പറിന് പിന്നിലുണ്ട്.
അതേസമയം പി കെ കുഞ്ഞാലിക്കുട്ടിക്ക് രണ്ടാം നമ്പര്‍ കാറാണ് നല്‍കിയിരിക്കുന്നത്. രമേശ് ചെന്നിത്തല ഒമ്പതാം നമ്പര്‍ കാര്‍ ഉപയോഗിക്കും. രമേശ് ചെന്നിത്തല ചോദിച്ചുവാങ്ങിയതാണ് ഒമ്പതാം നമ്പര്‍. ഷിബു ബേബി ജോണിന് 51-ാം നമ്പര്‍ കാറും അനുവദിച്ചു. മന്ത്രിമാര്‍ ആവശ്യപ്പെടുന്ന നമ്പര്‍ നല്‍കുന്നതാണ് പൊതുവേയുള്ള രീതി.
