അബുദാബി: എല്ലാ മാസവും ഒന്നാം തിയതി തന്നെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകിയില്ലെങ്കിൽ യുഎഇയിൽ കമ്പനികളെ കാത്തിരിക്കുന്നത് വൻ നടപടി. പിഴ, പുതിയ വർക്ക് പെർമിറ്റുകൾ നിഷേധിക്കൽ മുതൽ സ്വത്തുക്കൾ പിടിച്ചെടുക്കുന്നതും യാത്രാവിലക്കും ഉൾപ്പടെയാണ് വരിക. തൊഴിലാളികൾ ഉൾപ്പടെ ജീവനക്കാരുടെ വേതന സംരക്ഷണം ലക്ഷ്യമിട്ടാണ് നടപടി. അടുത്ത മാസം മുതൽ കൃത്യം ഒന്നാം തിയതി തൊഴിലാളികളുടെ അക്കൗണ്ടിലോ കൈയിലോ ശമ്പളമെത്തിയിരിക്കണം. ഒന്നാം തിയതി എന്നത് രണ്ടായാൽ അത് കുടിശികയാണ്. ശമ്പളം മുടങ്ങിയതായി കണക്കാക്കും. മുടങ്ങുന്ന ഓരോ ദിവസവും നടപടി കൂടിക്കൂടി വരും.
രണ്ടാം ദിവസം മുതൽ മുന്നറിയിപ്പ് നോട്ടീസ് ലഭിക്കും. അഞ്ചാം ദിവസം മുതൽ കമ്പനിക്ക് പുതിയ വർക്ക് പെർമിറ്റുകൾ ലഭിക്കില്ല. ശമ്പളം മുടങ്ങൽ ആറു മാസത്തിനിടെ ആവർത്തിച്ചാൽ നടപടി കൂടും. മുടങ്ങിയ പതിനൊന്നാം ദിവസം മുതൽ പിഴ ഈടാക്കും. കമ്പനിയുടെ ഗ്രേഡിങ് തേർഡ് ബിസിനസ് ക്ലാസിലേക്ക് താഴ്ത്തും.
