മസ്കറ്റ്: ഒമാനിൽ സ്കൂൾ സമയം പുനഃ ക്രമീകരിച്ചു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിർദേശപ്രകാരമാണ് സ്കൂളുകൾ നേരത്തെ അടയ്ക്കാൻ തീരുമാനിച്ചത്. അതിശക്തമായ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും, പഠന പ്രവർത്തനങ്ങൾ സുരക്ഷിതമായി തുടരുന്നതിനുമാണ് ഈ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്ത് പ്രവർത്തിക്കുന്ന ഇന്ത്യൻ സ്കൂളുകളും മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം പുതിയ സമയക്രമം പ്രഖ്യാപിച്ചിട്ടുണ്ട്. ക്ലാസുകൾ നേരത്തെ അവസാനിപ്പിക്കുന്നതിനാൽ മാതാപിതാക്കൾ കുട്ടികളുടെ യാത്രാസൗകര്യങ്ങളിൽ ഉടൻ തന്നെ ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. പുതുക്കിയ സമയക്രമം ഇന്നലെ മുതൽ നിലവിൽ വന്നതായാണ് റിപ്പോർട്ട്.
