‘സമഗ്ര ദുരന്തനിവാരണ പദ്ധതിക്ക് രൂപം നൽകും’; മഴക്കാലം അവസാനിക്കുന്നതോടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയസാധ്യത ശാശ്വതമായി കുറയ്ക്കാൻ രാജ്യത്തിന് മാതൃകയാകുന്ന സമഗ്ര ദുരന്തനിവാരണ പദ്ധതിക്ക് രൂപം നൽകുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഡാമുകളുടെ പ്രവർത്തനം കൂടുതൽ ശാസ്ത്രീയമാക്കാൻ എ.ഐ. അധിഷ്ഠിത ഡാം മാനേജ്‌മെന്റ് സംവിധാനം കൊണ്ടുവരും. ഡാമിലേക്കുള്ള ജലപ്രവാഹം, ജലവിതരണം, വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ്, മഴസാധ്യത, നദീതീരങ്ങളിലെ ജലനിരപ്പ് എന്നിവ ഏകോപിപ്പിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

പ്രളയഭീഷണിയുള്ള എല്ലാ പ്രദേശങ്ങളിലും ഫ്‌ളഡ് മാപ്പിങ് നടത്തി അപകടസാധ്യത മുൻകൂട്ടി തിരിച്ചറിയുന്നതിനും ദുരന്തപ്രതിരോധത്തിനും സംവിധാനം ഒരുക്കും. ഡാമുകളിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കും. നദികളിലെ മാലിന്യവും മണ്ണും ചെളിയും നീക്കുന്നതിനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കാൻ റവന്യൂ, ജലസേചന വകുപ്പുകൾക്ക് ചുമതല നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതു ചെയ്യുന്നതോടെ നദികളിലെ വെള്ളപ്പൊക്ക സാധ്യത 60 ശതമാനം വരെ കുറയ്ക്കാൻ കഴിയും. മഴക്കാലം അവസാനിക്കുന്നതോടെ ഈ പ്രവർത്തനങ്ങൾ ആരംഭിക്കും. പ്രളയത്തിന്റെ അടിസ്ഥാനകാരണങ്ങൾ കണ്ടെത്തുന്നതിനായി എല്ലാ നദികളിലും സമഗ്ര ലാൻഡ് ഓഡിറ്റിങ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *