ബോളിവുഡ് താരം ആമിർ ഖാനും കാമുകി ഗൗരി സ്പ്രാറ്റും വിവാഹിതരാകുന്നു. ജൂലൈ അഞ്ചിന് ആമിർ ഖാന്റെ ബാന്ദ്രയിലെ വസതിയിൽവെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. വീട്ടിൽവെച്ച് രജിസ്റ്റർ വിവാഹം നടക്കുമെന്നാണ് വിവരം. 150 പേർ മാത്രം പങ്കെടുക്കുന്ന ചടങ്ങിൽ വിദേശത്ത് നിന്നെത്തുന്ന സുഹൃത്തുക്കളും പങ്കെടുക്കും.
ഇരുവർക്കും മുൻവിവാഹങ്ങളിൽ മക്കളുണ്ട്. അവരും ചടങ്ങിൽ പങ്കെടുക്കുമെന്നാണ് വിവരം. ബെംഗളൂരു സ്വദേശിനിയാണ് ഗൗരി സ്പ്രാറ്റ്. അവരുടെ അമ്മ ബെംഗളൂരുവിൽ സലോൺ ഉടമയാണ്. ലിങ്ക്ഡ് ഇൻ പ്രൊഫൈൽ പ്രകാരം ബ്ളൂ മൗണ്ടെയ്ൻ സ്കൂളിൽ പഠിച്ച ഗൗരി 2004-ൽ ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് ആർട്സിൽനിന്ന് എഫ്ഡിഎ സ്റ്റൈലിങ് ആൻഡ് ഫോട്ടോഗ്രഫി കോഴ്സ് പൂർത്തിയാക്കി. ഇപ്പോൾ മുംബൈയിൽ ബിബ്ലണ്ട് എന്ന സലോൺ നടത്തുന്നു.
ആമിർ ഖാൻ ബാല്യകാല സുഹൃത്തായ റീന ദത്തയെയാണ് ആദ്യം വിവാഹം ചെയ്തത്. 1986-ൽ വിവാഹിതരായ ഇവർ 2002-ൽ വേർപിരിഞ്ഞു. യുവനടൻ ജുനൈദ്, ഐറ എന്നിവർ മക്കളാണ്. 2005-ൽ ആമിർ സംവിധായിക കിരൺ റാവുവിനെ വിവാഹം ചെയ്തു. 2001-ൽ പുറത്തിറങ്ങിയ ആമിർ ചിത്രം ലഗാന്റെ സഹസംവിധായികയായിരുന്നു കിരൺ റാവു. സിനിമയുടെ സെറ്റിൽ വെച്ചാണ് ഇവർ കണ്ടുമുട്ടിയത്. 2021-ൽ വേർപിരിഞ്ഞ ഇവർക്ക് വാടകഗർഭധാരണത്തിലൂടെ പിറന്ന ആസാദ് എന്ന മകനുണ്ട്.
