ഛണ്ഡിഗര്‍: പഞ്ചാബിലെ മാംഡോട്ടില്‍ അജ്ഞാതരുടെ വെടിയേറ്റ് എഎപി പ്രവര്ത്തകൻ കൊല്ലപ്പെട്ടു. മാംഡോത്ത് നഗറിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ സുഹൃത്തായ ഗുര്‍പ്രീത് സിംഗ് ഗോപിയെന്ന ആളാണ് കൊല്ലപ്പെട്ടത്. ഫിറോസേപൂരില്‍ നിന്നും 24കിലോമീറ്റര്‍ അകലെയാണ് മാംഡോട്ട് സ്ഥിതി ചെയ്യുന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഗുര്‍പ്രീതിനും സുഹൃത്ത് ഹര്‍പ്രീതിനും നേരെ കാറിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. പരിക്കേറ്റ ഇരുവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുര്‍പ്രീത് മരിച്ചിരുന്നു. ഹര്‍പ്രീതി നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.
ഇക്കഴിഞ്ഞ നഗര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വാര്‍ഡ് നമ്പര്‍ അഞ്ചില്‍ നിന്നും ഗുര്‍പ്രീതിന്റെ സഹോദരി മത്സരിച്ച് വിജയിച്ചിരുന്നു. പിന്നാലെ പ്രദേശത്ത് രണ്ട് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനിന്നിരുന്നു. ഇതാണോ കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. മാംഡോത്ത് നഗര്‍ പഞ്ചായത്ത് പ്രസിഡന്റഡും ഗുര്‍പ്രീതിന്റെ സുഹൃത്തുമായ വിക്കി മൈനിയും സംഘവും ബൈക്കിന് പിന്നിലായി കാറില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് നേരെയും ആക്രമികള്‍ വെടിയുതിര്‍ത്തിരുന്നു.
സംഭവത്തില്‍ മുഖ്യപ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എസ്എസ്പി ഭൂപീന്ദര്‍ സിംഗ് സിദ്ദു അറിയിച്ചു. ഇയാളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് പറയുന്നു. പ്രതിയെ പിടികൂടാനായുള്ള തിരച്ചില്‍ പൊലീസ് കര്‍ശനമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിലെ കാരണവും പുറത്തുവരാനുണ്ട്.



