നടിയെ ആക്രമിച്ച കേസ്; ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീൽ കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാവിധി മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പള്‍സര്‍ സുനിയുള്‍പ്പെടെ ശിക്ഷിക്കപ്പെട്ട ആറ് പ്രതികളുടെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ച് വാദം കേള്‍ക്കുക. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ആവശ്യത്തെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറും നടിയുടെ അഭിഭാഷകനും എതിര്‍ക്കും. നടിക്കുവേണ്ടി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവര്‍ ഹാജരാകും. ശിക്ഷാവിധി മരവിപ്പിക്കുന്നതില്‍ വാദം പൂര്‍ത്തിയായാല്‍ ഹൈക്കോടതി ഉടന്‍ തീരുമാനമെടുത്തേക്കും.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസില്‍ നേരത്തെ ശിക്ഷാവിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പ്രതികള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ പോയത്. 11 മണിയോടെ അപ്പീല്‍ ഹര്‍ജി പരിഗണിക്കും. ശിക്ഷാവിധി മരവിപ്പിച്ച് അപ്പീലില്‍ വാദം കേള്‍ക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പ്രിന്‍സിപ്പല്‍ കോടതി വിധിക്കെതിരെ സര്‍ക്കാരിന്റെ അപ്പീലുമുണ്ട്. നടൻ ദിലീപ് അടക്കം മുഴുവന്‍ പ്രതികളെയും ശിക്ഷിക്കണമെന്നും ശിക്ഷ ഉയര്‍ത്തണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലിലെ ആവശ്യം. ഈ അപ്പീല്‍ പിന്നീടായിരിക്കും പരിഗണിക്കുക.

.

Leave a Reply

Your email address will not be published. Required fields are marked *