യുക്രെയ്നിലെ സുമിയിൽ ഇന്ത്യൻ വേരുകളുള്ള കുസും ഗ്രൂപ്പിന്റെ ഫാർമസ്യൂട്ടിക്കൽ പ്ലാന്റിന് നേരെ റഷ്യൻ ഡ്രോൺ ആക്രമണം. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്ലാന്റിന്റെ പ്രധാന കെട്ടിടത്തിന് വൻ നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു.
ശനിയാഴ്ചയാണ് ആക്രമണമുണ്ടായതെന്നാണ് റിപ്പോർട്ട്. ഡ്രോണുകൾ പതിച്ചതിന് പിന്നാലെ പ്ലാന്റിൽനിന്ന് വലിയ തോതിൽ പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ മരണസംഖ്യയും പരുക്കേറ്റവരുടെ എണ്ണവും ഇനിയും മാറാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ആക്രമണത്തിൽ പ്ലാന്റിന്റെ പ്രധാന ഘടനയുടെ വലിയൊരു ഭാഗം തകർന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പ്രാഥമിക കണക്കുകൾ പ്രകാരം 400 കോടിയിലേറെ രൂപയുടെ നഷ്ടം ഉണ്ടായേക്കാമെന്നാണ് വിലയിരുത്തൽ. യുദ്ധം ആരംഭിച്ചതിന് ശേഷവും പ്രവർത്തനം തുടരുന്ന സ്ഥാപനത്തിനാണ് ഇപ്പോൾ കനത്ത തിരിച്ചടി നേരിട്ടിരിക്കുന്നത്.
1994ൽ ഇന്ത്യയിൽ നിന്നുള്ള മരുന്നുകൾ യുക്രെയ്നിലേക്ക് കയറ്റുമതി ചെയ്തുകൊണ്ടാണ് കുസും ഗ്രൂപ്പ് പ്രവർത്തനം ആരംഭിച്ചത്. നിലവിൽ ഇന്ത്യൻ പൗരനായ രാജീവ് ഗുപ്തയാണ് ഗ്രൂപ്പിന് നേതൃത്വം നൽകുന്നത്. 2002ൽ മറ്റ് കമ്പനികളുടെ മരുന്നുകളുടെ വിതരണത്തിൽനിന്ന് മാറി സ്വന്തം ബ്രാൻഡുകളിൽ മരുന്ന് നിർമാണത്തിലേക്ക് കമ്പനി കടന്നു.
2007ൽ ഇന്ത്യയിൽ നിർമാണശാല സ്ഥാപിച്ച കമ്പനി 2009ൽ യുക്രെയ്നിലെ സുമിയിൽ ഫാർമസ്യൂട്ടിക്കൽ പ്ലാന്റ് ആരംഭിച്ചു. പിന്നീട് ഇന്ത്യയിൽ രണ്ട് നിർമാണശാലകൾ കൂടി സ്ഥാപിച്ചു. 50ലേറെ, പ്രധാനമായും ജനറിക് മരുന്നുകൾ നിർമിക്കുന്ന കുസും ഗ്രൂപ്പ് ഒൻപതിലേറെ രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നുണ്ട്.
റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ചതിന് ശേഷവും സുമിയിലെ പ്ലാന്റ് പ്രവർത്തനം തുടർന്നിരുന്നു. എന്നാൽ റഷ്യൻ ഡ്രോൺ ആക്രമണം സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സുമി മേഖല റഷ്യൻ അതിർത്തിയോട് ചേർന്ന പ്രദേശമായതിനാൽ അടുത്തിടെ ഇവിടെ ഡ്രോൺ, ഗൈഡഡ് ബോംബ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
റഷ്യ യുക്രെയ്നിൽ ഷഹീദ് ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നതിനിടെയാണ് ഇന്ത്യൻ വേരുകളുള്ള സ്ഥാപനത്തിന് നേരെയും ആക്രമണമുണ്ടായത്. അതേസമയം, പ്ലാന്റിനെ ലക്ഷ്യമിട്ടതിന്റെ കൃത്യമായ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.



