തെലുങ്കില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് മഹേഷ് ബാബു. റീ റിലീസ് ട്രെന്‍ഡില്‍ പലപ്പോഴും പ്രേക്ഷകരെ കൂട്ടത്തോടെ തിയറ്ററുകളില്‍ എത്തിച്ചിട്ടുണ്ട് മഹേഷ് ബാബു ചിത്രങ്ങള്‍. ഇപ്പോഴിതാ അദ്ദേഹം അഭിനയിച്ച മറ്റൊരു ഹിറ്റ് ചിത്രം കൂടി റീ റിലീസ് ആയി തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ദൂക്കുഡു എന്ന ചിത്രമാണ് അത്. ശ്രീനു വൈറ്റ്ലയുടെ സംവിധാനത്തില്‍ 2011 ല്‍ പുറത്തെത്തിയ ചിത്രമാണിത്. ഓഗസ്റ്റ് 9 നാണ് ചിത്രത്തിന്‍റെ റീ റിലീസ്. റീ റിലീസിനോടനുബന്ധിച്ച് ചിത്രത്തിന്‍റെ ഒരു ട്രെയ്‍ലറും അണിയറക്കാര്‍ പുറത്തു വിട്ടിട്ടുണ്ട്.
ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണിത്. സാമന്തയാണ് നായിക. മഹേഷ് ബാബു ആരാധകരുടെയും തെലുങ്ക് പ്രേക്ഷകരുടെയും പ്രിയ ചിത്രമായതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ സ്പെഷല്‍ സ്ക്രീനിംഗുകള്‍ ഇക്കാലയളവില്‍ പലപ്പോഴായി നടന്നിട്ടുണ്ട്. റിലീസിന്‍റെ പത്താം വാര്‍ഷികമായിരുന്ന 2021 സെപ്റ്റംബറിലും ഇത് നടന്നിരുന്നു. ഡിസിപി ജി അജയ് കുമാര്‍ എന്ന ഐപിഎസ് ഓഫീസറെയാണ് ചിത്രത്തില്‍ മഹേഷ് ബാബു അവതരിപ്പിച്ചിരിക്കുന്നത്. ആദ്യം തിയറ്ററുകളിലെത്തിയ 2011 ല്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ തെലുങ്ക് ഹിറ്റുകളില്‍ ഒന്നായിരുന്നു ഈ ചിത്രം.
