തിരക്കേറിയ സമയങ്ങളിൽ ‘പ്രിയദർശിനി’ വേണ്ട, സർക്കാർ സ്വകാര്യ ബസ്സുകൾ ലീസിനെടുക്കണമെന്ന് ബസ് ഉടമകൾ

കാക്കനാട്: തിരക്കേറിയ സമയങ്ങളിൽ കെ.എസ്.ആർ.ടി.സി. പ്രിയദർശിനി സർവീസുകൾ നിർത്തിവയ്ക്കണമെന്ന് സ്വകാര്യ ബസ്സുടമകൾ. കെ.എസ്.ആർ.ടി.സി.ക്ക് നൽകുംപോലെ സ്വകാര്യ ബസ് മേഖലയ്ക്കും സർക്കാർ സാമ്പത്തിക സഹായം അനുവദിക്കണമെന്നും ബസ് ഉടമകൾ ആവശ്യപ്പെട്ടു. ‘പ്രിയദർശിനി’ സർവീസ് മൂലം സ്വകാര്യ ബസുകൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതിയോടാണ് ബസ്സുടമകൾ ആവശ്യം ഉന്നയിച്ചത്.

എറണാകുളം കളക്ടറേറ്റിൽ നടന്ന തെളിവെടുപ്പിൽ എറണാകുളം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി, കോട്ടയം ജില്ലകളിലെ ബസ്സുടമാ പ്രതിനിധികൾ പങ്കെടുത്തു. ഓഗസ്റ്റ് 15-ന് മുൻപുള്ള കളക്ഷനും പ്രിയദർശിനി പദ്ധതി ആരംഭിച്ച ശേഷമുള്ള കളക്ഷനും തമ്മിലുള്ള വലിയ വ്യത്യാസമാണ് ബസ്സുടമകൾ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. 50 ശതമാനം ടാക്സ് ഇളവ് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഷ്ടം നികത്താൻ പര്യാപ്തമലെന്നും ബസ് ഉടമകൾ വ്യക്തമാക്കി.

സർക്കാർ ഫണ്ട് നൽകുകയാണെങ്കിൽ തങ്ങളും സൗജന്യയാത്ര അനുവദിക്കാൻ തയ്യാറാണെന്നും ഉടമകൾ അറിയിച്ചു. ഇതിനായി യാത്രക്കാരുടെ വിരലടയാളം രേഖപ്പെടുത്തി ടിക്കറ്റ് നൽകുന്ന ‘ബയോമെട്രിക് സംവിധാനം’ ബസുകളിൽ സ്ഥാപിക്കണം. ഈ മെഷീൻ വഴി വിതരണം ചെയ്യുന്ന സൗജന്യ ടിക്കറ്റുകളുടെ തുക കൃത്യമായി സർക്കാരിൽ നിന്ന് ബസ്സുടമകൾക്ക് റീഫണ്ട് ചെയ്യണമെന്നാണ് പ്രധാന ആവശ്യം. വിദ്യാർഥികളുടെ കൺസെഷൻ നിരക്കും സാധാരണ ബസ് ചാർജും അടിയന്തരമായി വർധിപ്പിക്കണം. സ്വകാര്യ ബസുകൾ ഒട്ടുമില്ലാത്ത ഉൾനാടൻ ഗ്രാമീണ റൂട്ടുകളിൽ മാത്രമായി കെ.എസ്.ആർ.ടി.സി.യുടെ ഗ്രാമവണ്ടികളുടെ സർവീസ് പരിമിതപ്പെടുത്തണം, ഡീസൽ സബ്‌സിഡി അനുവദിക്കണം. പ്രതിവർഷം 50,000 രൂപയോളമുള്ള റോഡ് ടാക്സ് പൂർണമായും ഇളവ് ചെയ്യണം തുടങ്ങിയ ആവശ്യങ്ങളും അവർ ഉന്നയിച്ചു.കെ.എസ്.ആർ.ടി.സി. പുതിയ ബസുകൾ വാങ്ങുന്നതിന് പകരം സ്വകാര്യ ബസുകൾ ലീസിന് എടുക്കാൻ തയ്യാറാകണം. നിലവിലെ 3 ജീവനക്കാർ എന്ന പരിധി 2 ആയി ചുരുക്കി ക്ഷേമനിധി ബാധ്യത കുറയ്ക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *