പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: പാലക്കാട് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു ഡി എഫ് സ്ഥാനാർത്ഥി രമേശ് പിഷാരടിയെ ഒരു സംഘം ബി ജെ പി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബി ജെ പി മറ്റു പലയിടത്തും കാണിച്ചതിന്‍റെ ഒരു സാമ്പിളാണ് പാലക്കാട് ഇന്നലെ കണ്ടതെന്നാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. ബി ജെ പിയുടെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിപ്പെട്ടത്. പിഷാരടിയെ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത നടപടി ജനാധിപത്യ വിരുദ്ധമാണെന്നും പിണറായി പറഞ്ഞു. സംഭവത്തെ സി പി എം ശക്തമായി അപലപിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ സ്വന്തം സ്ഥാനാർത്ഥി തെരുവിൽ തടയപ്പെട്ടിട്ടും ബി ജെ പിക്കെതിരെ ശക്തമായ നിലപാടെടുക്കാൻ കഴിയാതെ കോൺഗ്രസ് നിസ്സഹായാവസ്ഥയാണ് പ്രകടിപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കോഴിക്കോട് ബേപ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *