തിരുവനന്തപുരം: കോണ്‍ഗ്രസ് മീഡിയ പാനലിസ്റ്റുകള്‍ക്ക് കര്‍ശന നിര്‍ദേശവുമായി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. വിവാദങ്ങള്‍ക്കിടെ ഭിന്നസ്വരം വേണ്ടെന്നാണ് മാര്‍ഗനിര്‍ദേശം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി നയങ്ങളും നിലപാടുകളും മാത്രമേ മാധ്യമങ്ങളില്‍ അവതരിപ്പിക്കാവൂ എന്നാണ് നിര്‍ദേശം. സമൂഹമാധ്യമങ്ങളിലും പാര്‍ട്ടി ഔദ്യോഗിക നിലപാടുകള്‍ മാത്രമേ അവതരിപ്പിക്കാവൂ. പാര്‍ട്ടിയുടെ ഐക്യത്തെയും അച്ചടക്കത്തെയും ജനങ്ങള്‍ക്കിടയിലെ വിശ്വാസ്യതയെയും പ്രതികൂലമായി ബാധിക്കാന്‍ ഇടയാക്കരുതെന്നും മുന്നറിയിപ്പുണ്ട്.
വ്യക്തിപരമായ അഭിപ്രായ വ്യത്യാസങ്ങളോ സംഘടനാ വിഷയങ്ങളോ പൊതു വേദികളില്‍ പരസ്യമായി പ്രകടിപ്പിക്കരുത്. അഭിപ്രായ വ്യത്യാസങ്ങള്‍ ആഭ്യന്തര വേദികളില്‍ ഉന്നയിക്കുകയും സംഘടനാ സംവിധാനത്തിലൂടെ പരിഹരിക്കുകയും ചെയ്യണം. പാര്‍ട്ടിയുടേയും നേതൃത്വത്തിന്റേയും പ്രതിഛായക്ക് മങ്ങലേല്‍ക്കുന്ന തരത്തിലുള്ള പ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കണം. മാധ്യമങ്ങളോട് പ്രതികരിക്കുമ്പോള്‍ പാര്‍ട്ടിയുടെ അച്ചടക്കവും ഐക്യവും ഉയര്‍ത്തിപ്പിടിക്കണമെന്നും നിർദേശമുണ്ട്.
മീഡിയ ചെയര്‍പേഴ്‌സണും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ദീപ്തി മേരി വര്‍ഗീസ് പാനലിസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന കത്തിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. നേതാക്കളുടെ പരസ്യപ്രതികരണങ്ങള്‍ വിവാദമായതോടെയാണ് നിര്‍ദേശം രേഖാമൂലം നല്‍കിയിരിക്കുന്നതെന്ന്. നടപടി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെയും കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷിയുടേയും ഇടപെടലിന്റെ പശ്ചാത്തലത്തിലാണെന്നാണ് വിവരം.
