ഹൈദരാബാദ്: തെലങ്കാന മന്ത്രിസഭയില്‍ നിന്നും പരിസ്ഥിതി മന്ത്രി കെ സുരേഖയെ പുറത്താക്കി. സുരേഖയുടെ മകള്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഢിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ സുരേഖ ഖേദം പ്രകടിപ്പിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സുരേഖയെ പുറത്താക്കാനുള്ള ശുപാര്‍ശ തെലങ്കാന ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയ്ക്ക് നല്‍കിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാനായി ജി ചിന്ന റെഡ്ഢിയെ നിയമിച്ച ഉത്തരവും പിന്‍വലിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിക്കും കോണ്‍ഗ്രസിലെ മറ്റ് നേതാക്കള്‍ക്കും എതിരെ രൂക്ഷമായ വിമര്‍ശനമാണ് സുരേഖയുടെ മകള്‍ കെ സുസ്മിത റെഡ്ഢി നടത്തിയത്. ഇതിനെതിരെ വലിയ പ്രതിഷേധം പാര്‍ട്ടിക്കുള്ളില്‍ ഉയരുകയും ചെയ്തിരുന്നു. ഒരു പൊതുപരിപാടിക്കിടെ രേവന്ത് റെഡ്ഢിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സുസ്മിത വിമർശിക്കുകയായിരുന്നു. മുഖ്യമന്ത്രി അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വ്യവസായത്തെ സഹായിക്കുന്നുണ്ടെന്നായിരുന്നു പ്രധാന ആരോപണം.
കോണ്‍ഗ്രസ് എംഎല്‍എ രേവൂരി പ്രകാശ് റെഡ്ഢിക്ക് മുഖ്യമന്ത്രി നല്‍കുന്ന പിന്തുണയെയും സുസ്മിത കടന്നാക്രമിച്ചു. സുസ്മിതയുടെ പരാമര്‍ശം വരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, പർകൽ നിയോജക മണ്ഡലത്തില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷത്തില്‍ പ്രകാശ് റെഡ്ഢിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതാണ് സുസ്മിതയെ ചൊടിപ്പിച്ചത്. അടുത്ത തവണ താനായിരിക്കും അവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയെന്നും സീറ്റ് ലഭിച്ചില്ലെങ്കില്‍ വിമതയായി മത്സരിക്കുമെന്നും സുസ്മിത പറഞ്ഞു. തന്റെ സ്വന്തം പ്രദേശത്ത് കയറി പ്രകാശിന് വേണ്ടി എന്തിനാണ് വോട്ട് ചോദിക്കുന്നതെന്നും അവര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു. പിന്നാലെയാണ് മുഖ്യമന്ത്രിയെയും സഹോദരനെയും ലക്ഷ്യമിട്ട് അവര്‍ സംസാരിച്ചത്. സംസ്ഥാനത്തെ ചൂഷണം ചെയ്താണ് മുഖ്യമന്ത്രിയും സഹോദരനും നേട്ടമുണ്ടാക്കുന്നതെന്നടക്കം സുസ്മിത ആരോപണം ഉന്നയിച്ചിരുന്നു.
ഇതോടെ സുസ്മിതയ്ക്കും സുരേഖയ്ക്കും നേരെ അച്ചടക്ക നടപടി ആവശ്യം കോണ്‍ഗ്രസിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു. സുസ്മിതയെ തള്ളിപ്പറയാന്‍ സുരേഖ തയ്യാറാകാത്ത സാഹചര്യത്തിലാണ് നടപടി. എന്നാല്‍ തന്റെ മകള്‍ അവളുടെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും തനിക്കതില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നാണ് സുരേഖയുടെ പക്ഷം. കോണ്‍ഗ്രസില്‍ തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്നും അവര്‍ ആരോപിക്കുന്നുണ്ട്.
20ഓളം കോണ്‍ഗ്രസ് എംഎല്‍എമാരും എംഎല്‍സിമാരും മന്ത്രിക്കും മകള്‍ക്കും എതിരെ നടപടിയുണ്ടാകണമെന്ന് കടുത്ത സമ്മര്‍ദം ചെലുത്തുകയും ചെയ്തു. ഇതോടെയാണ് നടപടി വേഗത്തിലായതെന്നാണ് വിവരം.



