പുല്പള്ളി: ബത്തേരി നിയോജകമണ്ഡലം എം.എൽ.എ.യായി തിരഞ്ഞെടുക്കപ്പെട്ട ഐ.സി. ബാലകൃഷ്ണൻ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും പിന്തുണച്ചുവെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെ കോൺഗ്രസ് പുല്പള്ളി മണ്ഡലം കമ്മിറ്റി യോഗത്തിൽ നേതാക്കൾ ചേരിതിരിഞ്ഞ് തർക്കം. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനംചെയ്യുന്നതിനായി കഴിഞ്ഞദിവസം ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് ഐ.സി. ബാലകൃഷ്ണനെതിരേ രൂക്ഷവിമർശനമുയർന്നത്. ഐ.സി. ബാലകൃഷ്ണൻ മുഖ്യമന്ത്രിസ്ഥാനത്തേക്ക് വി.ഡി. സതീശനെ പിന്തുണയ്ക്കാത്തത് ഒരുവിഭാഗം നേതാക്കളെ ചൊടിപ്പിച്ചു. ഐ.സി. ബാലകൃഷ്ണന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച പ്രാദേശിക നേതാക്കളുടെയും പ്രവർത്തകരുടെയും വികാരം കണക്കിലെടുക്കാതെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്വന്തംനിലയിൽ അഭിപ്രായം രേഖപ്പെടുത്തിയ നടപടി ശരിയല്ലെന്നും യോഗത്തിൽ കുറ്റപ്പെടുത്തി. കെ.പി.സി.സി., ഡി.സി.സി. ഭാരവാഹികളുടെ സാന്നിധ്യത്തിലായിരുന്നു മണ്ഡലം ഭാരവാഹികളുടെയും ബൂത്ത് പ്രസിഡന്റുമാരുടെയും യോഗം ചേർന്നത്.
വി.ഡി.യെ പിന്തുണച്ചില്ല
