പകർച്ചവ്യാധി നിയന്ത്രണം:  ഹൈപവർ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷമായി മഴക്കാലത്തും വേനൽക്കാലത്തും ആവർത്തിച്ച് റിപ്പോർട്ട് ചെയ്യുന്ന പകർച്ചവ്യാധികളെ ശാസ്ത്രീയമായി പഠിക്കുകയും ഫലപ്രദമായ പ്രതിരോധ നടപടികൾ നിർദേശിക്കുകയും ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ ഹൈപവർ കമ്മിറ്റി (State High Power Committee for Epidemic Control) രൂപീകരിക്കാൻ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

സർക്കാർ-സ്വകാര്യ മേഖലകളിലെ പ്രഗത്ഭരായ ഡോക്ടർമാർ, ആരോഗ്യവിദഗ്ധർ, വിവിധ അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി സമഗ്രമായ സമിതിയായിരിക്കും ഇത്. പകർച്ചവ്യാധി നിയന്ത്രണത്തിന് ആരോഗ്യവകുപ്പിന്റെ മാത്രം ഇടപെടൽ മതിയാകില്ലെന്നും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ഭക്ഷ്യസുരക്ഷാ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, സ്വകാര്യ ആരോഗ്യ മേഖല തുടങ്ങിയവയുടെ ഏകോപിത പങ്കാളിത്തം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

സർക്കാർ മേഖലയിലെ വിദഗ്ധർക്കൊപ്പം സ്വകാര്യ മേഖലയിലെ ഡോക്ടർമാർ, ഡോക്ടർമാരുടെ സംഘടനാ പ്രതിനിധികൾ, ഏക ആരോഗ്യ (One Health) മേഖലയിലെ വിദഗ്ധർ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, ആയുഷ് വകുപ്പിലെ വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ എന്നിവരും സമിതിയിൽ അംഗങ്ങളായിരിക്കും. കേരളത്തിൽ നിപ രോഗബാധ തിരിച്ചറിഞ്ഞ സ്വകാര്യ മേഖലയിലെ ഡോക്ടറെയും സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

കേരളത്തിനായി വാർഷിക എപിഡെമിക് കലണ്ടർ (Epidemic Calendar) തയ്യാറാക്കി ഓരോ സീസണിലും ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുക, രോഗവ്യാപന രീതികളെക്കുറിച്ച് ശാസ്ത്രീയ പഠനങ്ങൾ നടത്തുക, രോഗങ്ങളെ നേരത്തേ തിരിച്ചറിയുന്നതിനുള്ള ജാഗ്രതാ-നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.

പകർച്ചവ്യാധി കാലങ്ങളിൽ പാലിക്കേണ്ട ചികിത്സാ മാനദണ്ഡങ്ങളും ക്വാറന്റൈൻ മാർഗനിർദേശങ്ങളും രൂപീകരിക്കുക, ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനക്ഷമത വർധിപ്പിച്ച് രോഗപ്രതിരോധത്തിനായി സജ്ജമാക്കുക, ഒ.പി., ഐ.പി. വിഭാഗങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുക തുടങ്ങിയവയ്ക്കും കമ്മിറ്റി പ്രത്യേക ശ്രദ്ധ നൽകും.

പോലീസ്, ഭക്ഷ്യസുരക്ഷാ വകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവരുമായി ചേർന്ന് ഏകോപിത പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കുക, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മുഖേനയോ അടിയന്തര സാഹചര്യങ്ങളിൽ അംഗീകൃത പ്രാദേശിക വാങ്ങൽ സംവിധാനത്തിലൂടെയോ മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും സമയബന്ധിതമായി ലഭ്യമാക്കുക എന്നിവയും കമ്മിറ്റിയുടെ ചുമതലകളിൽ ഉൾപ്പെടും.

പകർച്ചവ്യാധികളെക്കുറിച്ച് മാധ്യമങ്ങളിലൂടെ കൃത്യമായ വിവരങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിനുള്ള ആശയവിനിമയ തന്ത്രങ്ങൾ രൂപീകരിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, എം.എൽ.എമാർ, എം.പിമാർ എന്നിവരുമായി നിരന്തര ആശയവിനിമയം നിലനിർത്തുക, രോഗബാധിതരുടെ പുനരധിവാസവും ആവശ്യമായ മാനസിക-സാമൂഹിക പിന്തുണയും ഉറപ്പാക്കുക എന്നിവയും കമ്മിറ്റിയുടെ പ്രവർത്തനപരിധിയിലുണ്ടാകും.

സംസ്ഥാന, ജില്ലാ തലങ്ങളിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അവലോകനം ചെയ്യാനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കുകയും, സർക്കാരിന് സമയബന്ധിതമായി ശാസ്ത്രീയമായ പ്രതിരോധ നിർദേശങ്ങളും റിപ്പോർട്ടുകളും സമർപ്പിക്കുകയും ചെയ്യും.

സംസ്ഥാനതല നയരൂപീകരണത്തിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി രൂപീകരിക്കുന്ന സംസ്ഥാന പകർച്ചവ്യാധി നിയന്ത്രണ ഹൈപവർ കമ്മിറ്റിയുടെ ചെയർമാൻ  ലോകാരോഗ്യ സംഘടനയുടെ (WHO) കൺസൾട്ടന്റായ ഡോ. എസ്. എസ്. ലാൽ ആണ്. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് കോ-ഓർഡിനേറ്ററും ഡോ. ശ്രീജിത്ത് എൻ. കുമാർ കൺവീനറുമായിരിക്കും.

ഹൈപവർ കമ്മിറ്റിക്ക് പുറമേ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി സംസ്ഥാനതല ആക്ഷൻ കമ്മിറ്റിയും പ്രവർത്തിക്കും. സംസ്ഥാനതല ദ്രുതപ്രതികരണ സംഘവും (റാപ്പിഡ് റെസ്‌പോൺസ് ടീം) ഈ കമ്മിറ്റിയുടെ ഭാഗമായിരിക്കും.

ജില്ലാതലത്തിൽ രോഗവ്യാപന സൂചനകൾ നിരീക്ഷിക്കുന്നതിനായി ജില്ലാതല രോഗവ്യാപന നിരീക്ഷണ യൂണിറ്റും, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാതല ആക്ഷൻ കമ്മിറ്റിയും രൂപീകരിക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗവ്യാപനം നിരീക്ഷിക്കാനും പ്രതിരോധ നടപടികൾ നടപ്പാക്കാനുമായി സ്ഥാപനതല രോഗവ്യാപന നിരീക്ഷണ കമ്മിറ്റികളും പ്രവർത്തിക്കും.

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ.എച്ച്.എം.) സംസ്ഥാന മിഷൻ ഡയറക്ടർ, ഹെൽത്ത് സർവീസസ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഇ.എസ്.ഐ. മെഡിക്കൽ സർവീസസ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി ഡയറക്ടർ, ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ ഡയറക്ടർ, ഹോമിയോപ്പതി ഡയറക്ടർ, കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ എന്നിവർ സമിതിയിലെ ഔദ്യോഗിക അംഗങ്ങളാണ്. അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിലെ ഡോ. ബിജു സോമൻ, ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെ ഡോ. ചിത്ര ഗ്രേസ്, പകർച്ചവ്യാധി വിദഗ്ധൻ ഡോ. ആർ. അരവിന്ദ്, ഡോ. എം. എൻ. മേനോൻ (ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ),  ഡോ. പി.എസ്. ഷാജഹാൻ (കെ.എം.സി.ടി.എ), ഡോ. ടി. എൻ. സുരേഷ് (കെ.ജി.എം.ഒ.എ.), ഡോ. എൻ. സുൽഫി, കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസറായ ഡോ. അൽത്താഫ് എ. എന്നിവർ സമിതി  അംഗങ്ങളാണ്. പ്രൊഫ. ഡോ. എ. മാർത്താണ്ഡ പിള്ള, പ്രൊഫ. ഡോ. വി. രാമൻകുട്ടി, ഡോ. എ.എസ്. അനൂപ് കുമാർ എന്നിവർ കമ്മിറ്റിയുടെ ഉപദേഷ്ടാക്കളായിരിക്കും.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News