ഡൽഹി: എൽപിജിക്ക് പകരം അടുക്കളയിൽ എഥനോൾ ഉപയോഗിക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം പദ്ധതി തയ്യാറാക്കുന്നു. എൽപിജി ഇറക്കുമതി കുറയ്ക്കുന്നതിനും രാജ്യത്തെ എഥ്‌നോൾ ഉത്പാദനം ഫലപ്രദമായി വിനിയോഗിക്കുന്നതിനുമാണ് പുതിയ നീക്കം. വിതരണ ശൃംഖല ശക്തമാക്കുന്നതിനും എഥ്‌നോൾ ഉപയോഗിക്കാവുന്ന സ്റ്റൗ വ്യാപകമാക്കുന്നതിനും സർക്കാർ പദ്ധതിയിടുന്നുണ്ട്. സെപ്റ്റംബറോടെ ഇതുസംബന്ധിച്ച് നയം രൂപപ്പെടുത്താനാണ് ആലോചിക്കുന്നത്. എഥ്‌നോൾ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് സബ്‌സിഡിയോ മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളോ സർക്കാർ പ്രഖ്യാപിച്ചേക്കും.
നിലവിൽ എഥ്‌നോൾ ഉത്പാദനത്തിൽ കാര്യമായ വർധനവുണ്ടായിട്ടുണ്ട്. കെയർ എഡ്ജ് റേറ്റിങ്‌സിന്റെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ പ്രതിവർഷ എഥ്‌നോൾ ഉത്പാദനശേഷി 2,000 കോടി ലിറ്ററിലധികമാണ്. അധികംവരുന്ന 700 കോടി ലിറ്റർ എഥ്‌നോൾ പാചക ഇന്ധനമായി ഉപയോഗിക്കാനാണ് സർക്കാർ പദ്ധതി. നേപ്പാൾ, ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് എഥ്‌നോൾ കയറ്റുമതി ചെയ്യാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
എൽപിജിക്ക് സമാനമായ രീതിയിൽ വിതരണ ശൃംഖലയുണ്ടാക്കാനുള്ള പദ്ധതിയുമുണ്ട്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സസ്‌റ്റൈനബിൾ ഡെവലപ്മെന്റിന്റെ (IISD) റിപ്പോർട്ട് പ്രകാരം ബയോഗ്യാസിലേക്കും എഥനോളിലേക്കും മാറുന്നത് വഴി 2050-ഓടെ ഇന്ത്യയ്ക്ക് 2 ലക്ഷം കോടി രൂപയിലധികം (24 ബില്യൺ ഡോളർ) എൽപിജി സബ്സിഡി ഇനത്തിൽ ലാഭിക്കാൻ സാധിക്കും. ഇതുവഴി എൽപിജി ഇറക്കുമതിക്കായി ചെലവാക്കുന്ന വൻ തുക ലാഭിക്കാൻ സഹായിക്കും.
ഇറാൻ-ഇസ്രായേൽ സംഘർഷം പോലുള്ള സാഹചര്യങ്ങൾ എൽപിജി വിതരണത്തെ ബാധിക്കുന്നത് കണക്കിലെടുത്ത് 30 ദിവസത്തെ തന്ത്രപ്രധാനമായ എൽപിജി സ്റ്റോറേജ് പ്ലാനും എണ്ണക്കമ്പനികൾ തയ്യാറാക്കുന്നുണ്ട്. ഊർജ ഇറക്കുമതി ഭാരം കുറയ്ക്കുന്നതിനും കർഷകർക്കും വ്യവസായങ്ങൾക്കും ഗുണകരമാകുന്ന രീതിയിൽ അധിക എഥനോൾ പ്രയോജനപ്പെടുത്തുന്നതിനും പാചക ഇന്ധന രംഗത്തെ മാറ്റം നിർണായകമാകും. ആഭ്യന്തരമായി ഉത്പാദിപ്പിക്കാൻ കഴിയുന്ന ക്ലീൻ ഇന്ധനമെന്ന നിലയിൽ എഥനോൾ അടുക്കളകളിലെ അവിഭാജ്യ ഘടകമായി മാറിയേക്കാം.
