ള്ളികുന്നം: ഇലിപ്പക്കുളം കൊല്ലേത്ത് വീട്ടിൽ താഹ കൊല്ലേത്ത് തെങ്കാശിയിലുണ്ടായ കാറപകടത്തിൽ മരിച്ചു. 30 വർഷത്തോളം പ്രവാസിയായിരുന്ന അദ്ദേഹം സാംസ്കാരിക, സാഹിത്യ, മാധ്യമ രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു. ജിസാനിലെ പ്രവാസി കൂട്ടായ്മയായ ‘ജല’യുടെ രക്ഷാധികാരി, സൗദിയിലെ പ്രമുഖ മലയാള പത്രമായ ‘മലയാളം ന്യൂസിന്റെ’ ജിസാൻ ലേഖകൻ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ വെൽഫയർ വിഭാഗം പ്രതിനിധി, മലയാളം മിഷൻ സൗദി അറേബ്യൻ ചാപ്റ്റർ ചെയർമാൻ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.
സാമൂഹിക സാംസ്കാരിക സാഹിത്യ രംഗങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കഥാകൃത്ത്, നിരൂപകൻ, പത്രപ്രവർത്തകൻ, പ്രാസംഗികൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. പ്രമുഖ ഇടതുപക്ഷ സഹയാത്രികനായിരുന്ന താഹ കൊല്ലേത്ത് പുരോഗമന കലാ സാഹിത്യ സംഘം, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിയ സംഘടനകളിലും സജീവമായി പ്രവർത്തിച്ചിരുന്നു. സൗദി സർവകലാശാലയിലെ പ്രൊഫസറായ ലീമയാണ് ഭാര്യ. മക്കൾ: അഡ്വ. ഹാഷ്മി താഹ, ഖദീജ താഹ.



