പാലക്കാട്: തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം പാലക്കാട്ടെ സിപിഎമ്മിൽ പൊട്ടിത്തെറി. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്നും രാജിവെച്ചു. ജില്ലാ സെക്രട്ടി ഇഎൻ സുരേഷ് ബാബുവുമായി ഏരിയ കമ്മറ്റി യോഗത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെയാണ് രാജി. കൂടുതൽ സ്വതന്ത്രനായി മുന്നോട്ട് പോകുമെന്ന് അബ്‌ദുൽ ഷുക്കൂർ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. അതേസമയം, അബ്‌ദുൽ ഷുക്കൂറിന്റെ രാജിക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി നിരവധി ബിജെപി നേതാക്കൾ രംഗത്തെത്തി. ആദ്യ വിക്കറ്റ് വീണു എന്നാണ് ബിജെപിയുടെ പ്രതികരണം.
മുമ്പ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്തും ഷുക്കൂറിന്റെ അതൃപ്തി വലിയ വാർത്തയായിരുന്നു. അന്ന് അതൊക്കെ മാധ്യമ വാർത്തകൾ മാത്രമാണ് എന്ന് പറഞ്ഞ സിപിഎം ഒടുവിൽ ഷുക്കൂറിനെ അനുനയിപ്പിക്കുകയായിരുന്നു. അന്ന് വാർത്ത റിപ്പോർട്ട് ചെയ്യാൻ ഷുക്കൂറിന്റെ വീട്ടിൽ പോയ മാധ്യമങ്ങളെ ഇറച്ചിക്കടയ്ക്ക് മുന്നിൽ പോയ പട്ടികൾ എന്ന് സാദൃശ്യപ്പെടുത്തി സിപിഎം നേതാവും മുൻ എംപിയുമായ എൻ എൻ കൃഷ്ണദാസ് ആക്ഷേപിച്ചിരുന്നു.
