കൊച്ചി: ഭാര്യയ്ക്കും മകൾക്കും ജീവനാംശം നൽകാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി. ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തിന്, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ചതിനെക്കാൾ കൂടുതൽ തെളിവ് ആവശ്യമില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു.
ഭാര്യയ്ക്കും മകൾക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നൽകണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നൽകിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നേരത്തേ പാലക്കാട് സെഷൻസ് കോടതി ശരി വെച്ചിരുന്നു. ഭാര്യ സ്വകാര്യ കോളേജിൽ അധ്യാപികയാണെന്നത് കണക്കിലെടുക്കാതെയാണ് ഉയർന്ന തുക ജീവനാംശമായി അനുവദിച്ചതെന്നായിരുന്നു ഭർത്താവിന്റെ വാദം.
എന്നാൽ, നിലവിലെ ജീവിത ചെലവ് കണക്കിലെടുക്കുമ്പോൾ അനുവദിച്ച തുക ഉയർന്നതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജീവനാംശം നൽകാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന ഭർത്താവിന്റെ വാദവും കോടതി തള്ളി. സാമ്പത്തികശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യയ്ക്കും മകൾക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ജീവനാംശം നൽകേണ്ടത് ഭർത്താവിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
