സനാ: യെമനിൽ ആഭ്യന്തര സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹൂതികളുടെ ശക്തികേന്ദ്രമായ തായിസിലെ സുപ്രധാന മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്തതായി യെമൻ സൈന്യം അവകാശപ്പെട്ടു. തായിസിന്റെ പടിഞ്ഞാറൻ മേഖലയിൽ ആധിപത്യം നേടാനുള്ള പോരാട്ടമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
ബാബ് അൽ മന്ദബിന് സമീപമുള്ള ഉയർന്ന പ്രദേശങ്ങളും മലനിരകളും പിടിച്ചെടുക്കാൻ ഇരുപക്ഷവും ശക്തമായ സൈനിക നീക്കം തുടരുകയാണ്. ചെങ്കടൽ തീരത്തെ മോച്ചയും തന്ത്രപ്രധാനമായ മറ്റ് കേന്ദ്രങ്ങളും നിയന്ത്രണത്തിലാക്കുകയാണ് യെമൻ സർക്കാരിന്റെ ലക്ഷ്യം. എന്നാൽ മോച്ചയും ബാബ് അൽ മന്ദബും ഇപ്പോഴും തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് ഹൂതികളുടെ അവകാശവാദം.
ഇതിനിടെ ഏദൻ വിമാനത്താവളത്തിന് സമീപവും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. സൗദിയിലെ വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട ആക്രമണങ്ങളിൽ മൂന്ന് പേർക്ക് പരിക്കേറ്റതായും സൗദി അറിയിച്ചു. ഇരുപക്ഷവും വ്യത്യസ്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനാൽ യെമനിലെ സംഘർഷം കൂടുതൽ സങ്കീർണമാകുകയാണ്.


