ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ. ഛത്തീസ്ഗഡിൽ മഴക്കെടുതിയിൽ ഒരു മരണം റിപ്പോർട്ട് ചെയ്തു. ബസ്തറിലെ നിരവധി ഗ്രാമങ്ങൾ വെള്ളപ്പൊക്കത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മോശം കാലാവസ്ഥ കണക്കിലെടുത്ത്, ദന്തേവാഡ, ബിജാപൂർ, കൊണ്ടഗാവ്, കാങ്കർ, ബസ്തർ, ഗരിയാബന്ദ്, ധംതരി, ദുർഗ് എന്നീ എട്ട് ജില്ലകളിലെ സർക്കാർ, സ്വകാര്യ സ്കൂളുകൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു. സർക്കാർ സ്കൂളുകളിൽ നടത്താനിരുന്ന ത്രൈമാസ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും വിവിധ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒഡീഷയിൽ 10000 ത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. റായ്പൂർ, ബസ്തർ, ദുർഗ് ഡിവിഷനുകളിലാണ് ഏറ്റവും കൂടുതൽ ആഘാതമുണ്ടായത്. ഇവിടെ അരുവികൾ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് റോഡുകളിലും ജനവാസമേഖലകളിലും വെള്ളം കയറി. ജഗ്ദൽപൂരിൽ താഴ്ന്ന പ്രദേശങ്ങളിലെ ജനവാസമേഖലകളിലേക്കും നിരവധി വീടുകളിലേക്കും വെള്ളം ഇരച്ചുകയറി.
ദേശീയപാത-30-ന്റെ ചില ഭാഗങ്ങൾ വെള്ളത്തിനടിയിലായതോടെ റായ്പൂർ-ജഗ്ദൽപൂർ ഗതാഗതം തടസ്സപ്പെട്ടു. ജഗ്ദൽപൂരിലൂടെ ഒഴുകുന്ന ഇന്ദ്രാവതി നദിയുടെ തീരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനായി നേരിട്ട് സ്ഥലത്തെത്തി പ്രവർത്തിക്കാൻ ബസ്തർ കളക്ടർ ഉദ്യോഗസ്ഥർക്കും ഹോം ഗാർഡ്സ് കമാൻഡന്റിനും നിർദേശം നൽകി.



