ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി പങ്കെടുക്കാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൊറിയൻ മല്ലു. ബിഗ് ബോസിലേക്ക് മത്സരാർത്ഥിയായി പോയിക്കൂടേയെന്ന് നിരവധി പേർ ഫേസ്ബുക്കിലൂടെ ചോദിച്ചതിന് പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വിശദീകരിച്ചത്.
ബിഗ് ബോസ് എന്ന പരിപാടിയിലെ ക്യാമറയ്ക്കുള്ളിലെ ഗെയിമുകളോടല്ല തനിക്ക് എതിർപ്പെന്ന് കൊറിയൻ മല്ലു പറയുന്നു. വിനോദത്തിന്റെ പേരിൽ ഒരു മനുഷ്യനെ മറ്റൊരാളുടെ മുന്നിൽ അപമാനിക്കുകയും പരിഹസിക്കുകയും വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന സംസ്കാരത്തോടാണ് വിയോജിപ്പെന്നും അദ്ദേഹം വ്യക്തമാക്കി.
പരിപാടിയിലെ ചില സന്ദർഭങ്ങളിൽ വിധികർത്താക്കളുടെയും മറ്റുള്ളവരുടെയും പെരുമാറ്റം കാണുമ്പോൾ ഒരാളുടെ ആത്മാഭിമാനം തകർക്കുന്നതിനെ വിനോദമാക്കി മാറ്റുകയാണോയെന്ന ചോദ്യം ഉയരുന്നതായും കൊറിയൻ മല്ലു പറഞ്ഞു.
പ്രശസ്തിയേക്കാൾ തനിക്ക് വിലയുള്ളത് ആത്മാഭിമാനമാണ്. ടിആർപിക്കും കുറച്ചുദിവസത്തെ പ്രശസ്തിക്കും വേണ്ടി സ്വന്തം വ്യക്തിത്വവും പരിധികളും മറ്റൊരാളുടെ കൈയിൽ ഏൽപ്പിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ബിഗ് ബോസിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആത്മാഭിമാനമില്ലെന്നല്ല തന്റെ വാദമെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെ പറയുന്നതും മറ്റൊരു തരത്തിലുള്ള പൊതുവൽക്കരണമായിരിക്കും. എന്നാൽ അപമാനം സഹിക്കാനുള്ള കഴിവിനെയും ‘എന്റർടെയ്ൻമെന്റ് വാല്യു’വിനെയും വിജയത്തിന്റെ മാനദണ്ഡമാക്കുന്ന സംസ്കാരം ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കൊറിയൻ മല്ലു അഭിപ്രായപ്പെട്ടു.
മനുഷ്യരെ വിനോദിപ്പിക്കാം, എന്നാൽ അവരെ അപമാനിച്ചുകൊണ്ട് വിനോദിപ്പിക്കേണ്ടതില്ല. എത്ര പേർ വിളിച്ചാലും ബിഗ് ബോസിലേക്ക് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ബിഗ് ബോസ്, നന്ദി… പക്ഷേ വേണ്ട. എനിക്ക് വേണ്ടത് വേദിയാണ്; അപമാനത്തിന്റെ അരങ്ങല്ല. എനിക്ക് വേണ്ടത് അംഗീകാരമാണ്; ആത്മാഭിമാനം പണയംവെച്ചുള്ള പ്രശസ്തിയല്ല,” എന്ന വാക്കുകളോടെയാണ് കൊറിയൻ മല്ലു കുറിപ്പ് അവസാനിപ്പിച്ചത്.



