കൊച്ചി: കേരളത്തിൽ വളർന്നുവരുന്ന പിക്കിൾബോൾ കായികരംഗത്തിന് പുതിയ ആവേശമായി ‘ജൂള മൺസൂൺ കപ്പ് 2026’. പിക്കിൾബോൾ ഇവന്റ്സ് ഡെവലപ്മെന്റ് അസോസിയേഷൻ (PEDA) സംഘടിപ്പിച്ച ടൂർണമെന്റ് കടവന്ത്രയിലെ Rally Labs Court-ൽ ആവേശകരമായി സമാപിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
ചലച്ചിത്ര താരം സിജാ റോസാണ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തത്. ഏത് പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന കായിക ഇനമാണ് പിക്കിൾബോൾ. കൂടുതൽ ആളുകളെ കായികരംഗത്തേക്ക് ആകർഷിക്കാൻ പിക്കിൾബോളിന് വലിയ സാധ്യതയുണ്ടെന്നും സിജാ റോസ് പറഞ്ഞു.
പിക്കിൾബോൾ എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് PEDAയുടെ ലക്ഷ്യമെന്ന് പ്രസിഡന്റ് സുദീപ് കാരാട്ട് പറഞ്ഞു. ഇന്ത്യയിൽ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന കായിക ഇനമായ പിക്കിൾബോൾ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും എത്തിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൂർണമെന്റിന് ലഭിച്ച മികച്ച പ്രതികരണവും താരങ്ങളുടെ പങ്കാളിത്തവും കേരളത്തിൽ പിക്കിൾബോളിനുള്ള ശക്തമായ അടിത്തറയാണ് വ്യക്തമാക്കുന്നതെന്ന് PEDA ജനറൽ സെക്രട്ടറി മുഹമ്മദ് ബിലാൽ പറഞ്ഞു. മികച്ച നിലവാരത്തിലുള്ള ടൂർണമെന്റുകൾ സംഘടിപ്പിക്കുന്നതിനൊപ്പം പുതിയ താരങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത്സരത്തിലെ വിജയികൾക്ക് ക്യാഷ് പ്രൈസുകളും പിക്കിൾബോൾ റാക്കറ്റുകളും സമ്മാനമായി നൽകി. PEDA പ്രസിഡന്റ് സുദീപ് കാരാട്ട്, ജനറൽ സെക്രട്ടറി മുഹമ്മദ് ബിലാൽ, ട്രഷറർ സജിത്ത് വി.കെ., വൈസ് പ്രസിഡന്റ് ഷബീർ കെ.എസ്. എന്നിവർ ചേർന്നാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
കേരളത്തിലെ കൂടുതൽ നഗരങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും പിക്കിൾബോൾ വ്യാപിപ്പിക്കാനാണ് PEDAയുടെ അടുത്ത ലക്ഷ്യം. വളർന്നുവരുന്ന താരങ്ങൾക്ക് മികച്ച പരിശീലനവും ആവശ്യമായ പിന്തുണയും ലഭ്യമാക്കുന്നതിനുള്ള പദ്ധതികളും സംഘടന ആവിഷ്കരിക്കുന്നുണ്ട്.
ജൂള മൺസൂൺ കപ്പ് 2026ന്റെ വിജയകരമായ സമാപനം കേരളത്തിലെ പിക്കിൾബോൾ രംഗത്തിന് കൂടുതൽ ഊർജം പകരുന്നതായി സംഘാടകർ വ്യക്തമാക്കി.


