പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ എം ഓഫീസിലേക്ക് ഡി വൈ എഫ് ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. ഒലവക്കോട് ഡി ആർ എം ഓഫീസിന്റെ ഗേറ്റുകൾ ഉപരോധിച്ച ഡി വൈ എഫ് ഐ പ്രവർത്തകർ പൊലീസിന്റെ പ്രതിരോധം തകർത്ത് കവാടത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതിരുന്നതിനെ തുടർന്ന് ചിലർ മതിൽ ചാടിയാണ് ഓഫീസിനുള്ളിൽ കടന്നത്. രണ്ടര മണിക്കൂറോളം നീണ്ട പ്രതിഷേധത്തിനൊടുവിൽ പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അതിനിടെ, യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഡി ആർ എം ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. പൊലീസ് തടഞ്ഞതിനെ തുടർന്ന് പ്രവർത്തകർ മതിൽ ചാടി അകത്തു കടക്കുകയായിരുന്നു. പ്രതിഷേധ സമരം വി കെ ശ്രീകണ്ഠൻ എം പി ഉദ്ഘാടനം ചെയ്തു.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ വി കെ ശ്രീകണ്ഠൻ എം പിയും സി പി എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവും തമ്മിലുള്ള വെല്ലുവിളിയും ശ്രദ്ധേയമായി. ബി ജെ പിക്കെതിരെ പ്രതിഷേധിക്കാൻ ധൈര്യമുണ്ടെങ്കിൽ ശ്രീകണ്ഠൻ അനിശ്ചിതകാല നിരാഹാര സമരം നടത്തണമെന്നാണ് സി പി എം ജില്ലാ സെക്രട്ടറി ഡി വൈ എഫ് ഐ സമരത്തിനിടെ വെല്ലുവിളിയുമായി രംഗത്തെത്തിയത്. ആണത്തമുണ്ടെങ്കിൽ ബി ജെ പിക്കെതിരെ പ്രതിഷേധം ഉയർത്തൂ എന്നായിരുന്നു ശ്രീകണ്ഠന്റെ തിരിച്ചടി. അല്ലാതെ എം പിയെ അധിക്ഷേപിക്കുകയല്ല വേണ്ടതെന്നും ബി ജെ പിയെ ഭയന്നാണ് ഇവരുടെ രാഷ്ട്രീയ പ്രവർത്തനമെന്നും ശ്രീകണ്ഠൻ കൂട്ടിച്ചേർത്തു.



