സ്വകാര്യ ഫാർമസികൾക്കിടയിൽ ഒരു കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം; പുതിയ നിയമം കൊണ്ടുവന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ഫാർമസികൾക്കിടയിൽ 1000 മീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി അഹ്മദ് അൽ അവാദി. സ്വകാര്യ ഫാർമസികളുടെ പ്രവർത്തനം, ലൈസൻസിങ്, മരുന്ന് കൈകാര്യം ചെയ്യൽ, മെഡിക്കൽ ഉൽപന്നങ്ങൾ എന്നിവയെ സംബന്ധിച്ച് മന്ത്രിതല പ്രമേയം പുറപ്പെടുവിക്കുകയായിരുന്നു മന്ത്രി. പുതിയതായി ആരംഭിക്കുന്ന ഫാർമസിയും നിലവിലുള്ള ഏറ്റവും അടുത്ത ഫാർമസിയും തമ്മിൽ എല്ലാ ദിശകളിലേക്കും കുറഞ്ഞത് ഒരു കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കണമെന്ന് പ്രമേയം വ്യക്തമാക്കുന്നു. അതേസമയം, കോഓപ്പറേറ്റീവ് സൊസൈറ്റികൾ, മാളുകൾ, വിമാനത്താവളങ്ങൾ, സർവകലാശാലകൾ, സ്വകാര്യ ആശുപത്രികൾ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഫാർമസികൾക്ക് ഇളവ് നൽകിയിട്ടുണ്ട്.

നിലവിലുള്ള ഫാർമസികൾ ലൈസൻസ് പുതുക്കുമ്പോഴോ സ്ഥലം മാറ്റുമ്പോഴോ അവയുടെ സ്റ്റാറ്റസ് പുതിയ നിയമങ്ങൾക്ക് വിധേയമായി ക്രമപ്പെടുത്തും. തർക്കങ്ങളോ മറ്റ് സാഹചര്യങ്ങളോ ഉണ്ടായാൽ, നിലവിലെ സ്ഥലത്ത് ആദ്യ ലൈസൻസ് ലഭിച്ച തിയതിയുടെ അടിസ്ഥാനത്തിലായിരിക്കും മുൻഗണന നിശ്ചയിക്കുക. മറ്റൊരു സ്ഥലത്തേക്ക് മാറാൻ നിർദേശിക്കപ്പെടുന്ന ഫാർമസികൾക്ക് പുതിയ സ്ഥലം തെരഞ്ഞെടുക്കാൻ മൂന്ന് മാസത്തെ സാവകാശം ലഭിക്കും. സ്വകാര്യ ഫാർമസികളുടെ ലൈസൻസ് കാലാവധി 4 വർഷമായിരിക്കും. ഫാർമസിയിലെ താപനില 25°C-ൽ താഴെയായി നിലനിർത്തണമെന്നും ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ട മരുന്നുകൾ 2°C മുതൽ 8°C വരെ താപനിലയിൽ ക്രമീകരിക്കണമെന്നും മന്ത്രിതല പ്രമേയത്തിൽ പറയുന്നു. കാലാവധി കഴിഞ്ഞ മരുന്നുകൾ തരംതിരിച്ച് മാറ്റിവെക്കാനും നിർദേശമുണ്ട്. അതോടൊപ്പം ഫാർമസി ഉടമകൾ ലൈസൻസുള്ള ഒരു മാനേജരെ നിയമിക്കേണ്ടതാണ്. എന്നാൽ ഈ മാനേജർ ഒരേ സമയം ഒന്നിലധികം ഫാർമസികളുടെ ചുമതല വഹിക്കാൻ പാടില്ല. കുവൈത്തികളല്ലാത്ത ഫാർമസിസ്റ്റുകളെ നിയമിക്കുന്ന ഫാർമസികളിൽ കുറഞ്ഞത് ഒരു ലൈസൻസുള്ള കുവൈത്തി ഫാർമസിസ്റ്റെങ്കിലും ഉണ്ടായിരിക്കണം. ഫാർമസിസ്റ്റുകളുടെയും ടെക്നീഷ്യന്മാരുടെയും ജോലി സമയവും ഹാജർ നിലയും കൃത്യമായി രേഖപ്പെടുത്തുന്നതിനും, ഇത് സംബന്ധിച്ച് പ്രതിമാസ റിപ്പോർട്ട് സമർപ്പിക്കുന്നതിനും കൂടുതൽ കർശനമായ നിയമങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *