ചെന്നൈ: കേന്ദ്രസർക്കാരിന്റെ മണ്ഡലപുനർനിർണയ നീക്കത്തിനെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി വിജയ്. ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543-ൽ തന്നെ നിലനിർത്തണമെന്ന് മുഖ്യമന്ത്രി വിജയ് കേന്ദ്രത്തോടാവശ്യപ്പെട്ടു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യം സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്നും ജനസംഖ്യാ നിയന്ത്രണത്തിൽ വിജയിച്ച സംസ്ഥാനങ്ങൾക്ക് പാർലമെന്റിലെ സ്വാധീനം കുറയാൻ മണ്ഡലപുനർനിർണയം കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നാല് ആവശ്യങ്ങളാണ് പ്രമേയത്തിലൂടെ തമിഴ്‌നാട് സർക്കാർ മുന്നോട്ടുവെച്ചിരിക്കുന്നത്. ലോക്‌സഭാ അംഗങ്ങളുടെ ആകെ എണ്ണം 543-ൽ തന്നെ ശാശ്വതമായി നിലനിർത്തണം. സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനം നിലവിലെ അനുപാതത്തിൽ തന്നെ തുടരണം. മൂന്നാമതായി, ജനസംഖ്യയും സംസ്ഥാനങ്ങളും തമ്മിലുള്ള നിലവിലെ അനുപാതം നിലനിർത്തണം. 2029-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തന്നെ നിലവിലുള്ള 543 സീറ്റുകളുടെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കായി 33 ശതമാനം സംവരണം നടപ്പിലാക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. വനിതാ സംവരണം എന്നത് ആരുടെയും ഔദാര്യമല്ല, മറിച്ച് സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശവും സാമൂഹിക നീതിയുടെ ഭാഗവുമാണെന്ന് മുഖ്യമന്ത്രി വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകൾ വോട്ട് രേഖപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
