ലഖ്നൗ: ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞതും കുറ്റകൃത്യങ്ങളുടെ നിരക്ക് വർധിച്ചിരുന്നതുമായ ഉത്തർപ്രദേശ്, ഇന്ന് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹർദോയിയിൽ ഗംഗാ എക്സ്പ്രസ് വേയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേ, മുൻ സർക്കാരുകളുടെ കാലത്ത് ഉത്തർപ്രദേശിന്റെ മുഖമുദ്രയായിരുന്നത് കുറ്റകൃത്യങ്ങളും കാട്ടുനീതിയും ആയിരുന്നെന്നും പ്രധാനമന്ത്രി ആരോപിച്ചു.
“ഒരുകാലത്ത് ഉത്തർപ്രദേശ് കുണ്ടും കുഴികളും നിറഞ്ഞ സ്ഥലമെന്ന നിലയിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ന്, രാജ്യത്ത് ഏറ്റവും കൂടുതൽ എക്സ്പ്രസ് വേകളുള്ള സംസ്ഥാനമായി ഇത് മാറിയിരിക്കുന്നു. ഇന്ന് ഉത്തർപ്രദേശിൽ അഞ്ച് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ ഉൾപ്പെടെ 21 വിമാനത്താവളങ്ങളുണ്ടെന്ന് മോദി പറഞ്ഞു. നമ്മുടെ ഉത്തർപ്രദേശ് ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും നാടാണ്. എന്നാൽ, മുൻ സർക്കാർ അവരുടെ പ്രവർത്തനങ്ങളിലൂടെ കുറ്റകൃത്യങ്ങളും കാട്ടുനീതിയും ഉത്തർപ്രദേശിന്റെ മുഖമുദ്രയാക്കി. ഉത്തർപ്രദേശിലെ മാഫിയകളെക്കുറിച്ച് സിനിമകൾ വരെ ഉണ്ടായി. എന്നാൽ, ഇപ്പോൾ രാജ്യത്തുടനീളം യുപിയിലെ ക്രമസമാധാനനില ഒരു ഉദാഹരണമായി ഉദ്ധരിക്കപ്പെടുന്നുവെന്നും മോദി കൂട്ടിച്ചേർത്തു.
