കൊൽക്കത്ത: പാർട്ടിയിലെ വിമത നേതാക്കളെ വെല്ലുവിളിച്ച് ടി.എം.സി ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. മമതാ ബാനർജിയെ ഉപേക്ഷിച്ച് പോയ വിമതർ വീണ്ടും ‘ദീദി’യുടെ അടുത്തേക്ക് തിരികെ വരികയാണെങ്കിൽ, വെറും ഒരു മണിക്കൂറിനകം താൻ പാർട്ടി പദവി രാജിവെക്കാൻ തയ്യാറാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൊൽക്കത്തയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം തന്റെ മേൽ കെട്ടിവെച്ച് പാർട്ടിയെ ഒറ്റിക്കൊടുത്തവർ ബി.ജെ.പിയുമായി മുൻകൂട്ടി ധാരണയിലെത്തിയിട്ടുണ്ടെന്ന് എം പി അഭിഷേക് ബാനർജി ആരോപിച്ചു. എന്നാൽ വിമത നേതാക്കൾ മമതയുടെ അടുത്തേക്ക് തിരികെ വരില്ലെന്നും അഭിഷേക് ബാനർജി കൂട്ടിച്ചേർത്തു. കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ എന്നിവരിൽ നിന്ന് സംരക്ഷണം നേടാൻ പാർട്ടി വിടുകയോ വിമത ക്യാമ്പിലോ ബി.ജെ.പിയിലോ ചേരുകയോ ചെയ്യുക, എന്നിട്ട് തന്നെ കുറ്റപ്പെടുത്തുകയുമാണ് വിമതർ ചെയ്യുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തനിക്കെതിരെ നിരവധി എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടും താൻ അന്വേഷണങ്ങളിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്ന് പറഞ്ഞ അഭിഷേക് ബാനർജി, തെറ്റ് ചെയ്തിട്ടില്ലെങ്കിൽ ഏജൻസികളെ നേരിടാൻ വിമതർ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു.ഡൽഹിയിലിരിക്കുന്ന അധികാരികൾക്ക് മുന്നിലല്ല, ജനാധിപത്യത്തിൽ ജനങ്ങൾക്ക് മുന്നിൽ മാത്രമേ താൻ തലകുനിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
