കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 332 ആയി ഉയർന്നു. പ്രളയബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനവും മൃതദേഹങ്ങൾക്കായുള്ള തിരച്ചിലും തുടരുന്നതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദുരന്തത്തെ തുടർന്ന് 288 ഇന്ത്യക്കാരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ഇവരിൽ 33 പേർ മലയാളികളാണ്. തമിഴ്‌നാട്ടിൽനിന്നുള്ള 85 പേരെയും പശ്ചിമ ബംഗാളിൽനിന്നുള്ള 32 പേരെയും കുറിച്ച് വിവരമില്ല. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള 61 പേരുമായും ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
കാണാതായ ഇന്ത്യക്കാരിൽ ഒരു സംഘം ത്രിശൂലി-1 ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. കൈലാസ് മാനസരോവർ തീർഥാടനത്തിനെത്തിയ തമിഴ്‌നാട് സ്വദേശികളും കാണാതായവരുടെ പട്ടികയിലുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ പൂർണമായും തകർന്നതിനാലാണ് പലരെയും ബന്ധപ്പെടാൻ കഴിയാത്തതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നേപ്പാളിലെ രാസുവ, നുവാകോട്ട്, ധാഡിങ്, ഗോർഖ ജില്ലകളിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8.30ഓടെ ഭോട്ടേകോശി, ത്രിശൂലി നദികളിലുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കമാണ് വൻ ദുരന്തമായി മാറിയത്. റോഡുകളും പാലങ്ങളും വാർത്താവിനിമയ സംവിധാനങ്ങളും തകർന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
അതേസമയം, 178 ഇന്ത്യക്കാർ ഉൾപ്പെടെ 644 വിനോദസഞ്ചാരികളെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡ് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അറിയിച്ചു. ട്രക്കിങ്, ട്രാവൽ കമ്പനികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക പട്ടിക തയ്യാറാക്കിയത്. നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 33 രാജ്യങ്ങളിൽനിന്നുള്ളവരാണ് കാണാതായവരുടെ പട്ടികയിലുള്ളത്.
ട്രാവൽ ഏജൻസികൾ, ഗൈഡുകൾ, പ്രാദേശിക ഭരണകൂടം, സുരക്ഷാ ഏജൻസികൾ എന്നിവരുമായി ചേർന്ന് പട്ടികയിലെ വിവരങ്ങൾ പരിശോധിച്ചുവരികയാണ്. അതിനാൽ കാണാതായവരുടെ കണക്കിൽ മാറ്റമുണ്ടാകാമെന്നും അധികൃതർ അറിയിച്ചു.



