ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾ പാകിസ്താന്റെ ദുർബലമായ സാമ്പത്തിക സ്ഥിതിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. നിലവിലെ സാഹചര്യങ്ങൾ രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഭീഷണിയാകുന്നുണ്ട്. ആഗോള എണ്ണവില ഉയരുന്നത് രാജ്യത്തെ പണപ്പെരുപ്പത്തിലേക്കും സപ്ലൈ ചെയിൻ തടസ്സങ്ങളിലേക്കും നയിക്കുമെന്ന് പാക് മാധ്യമമായ ഡോൺ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമേഷ്യൻ സംഘർഷങ്ങളിൽ സമാധാനപരമായ ഒരു പരിഹാരം ഉണ്ടായാൽ മാത്രമേ ഈ സാമ്പത്തിക സമ്മർദ്ദത്തിൽ നിന്ന് പാകിസ്താന് കരകയറാൻ സാധിക്കൂ എന്നാണ് ടോപ്ലൈൻ സെക്യൂരിറ്റീസിന്റെ വിലയിരുത്തൽ.
2026 സാമ്പത്തിക വർഷത്തിൽ പാകിസ്താനിലെ പണപ്പെരുപ്പം ശരാശരി 9 മുതൽ 10 ശതമാനം വരെയാകാൻ സാധ്യതയുണ്ടെന്ന് വിശകലന വിദഗ്ധർ പ്രവചിക്കുന്നത്. എണ്ണവില ബാരലിന് 100 ഡോളർ എന്ന നിരക്കിൽ തുടർന്നാൽ 2026 സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ പണപ്പെരുപ്പം 11 ശതമാനം കടന്നേക്കാം. ഓരോ 10 ഡോളർ എണ്ണവില വർദ്ധനവിനും പണപ്പെരുപ്പ ഭാരത്തിൽ ഏകദേശം 50 ബേസിസ് പോയിന്റിന്റെ വർദ്ധനവുണ്ടാകും. എണ്ണവില 120 ഡോളറിലേക്ക് എത്തുകയാണെങ്കിൽ, പലിശ നിരക്ക് കുത്തനെ ഉയർത്താൻ സ്റ്റേറ്റ് ബാങ്ക് ഓഫ് പാകിസ്താൻ നിർബന്ധിതരാകും.
