മോസ്കോ: യുക്രൈനുമായുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പുതിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോഴാണ് റഷ്യൻ പ്രസിഡന്റിന്റെ നിർണായക പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വിസ് നഗരമായ ജനീവയിൽനടന്ന ദ്വിദിന സമാധാനചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു. ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നകാര്യത്തിൽ പ്രശ്നം നിലനിൽക്കുകയാണ്.
യുക്രൈനിലെ യുദ്ധത്തെക്കുറിച്ച് സംസാരിക്കവേയാണ് വിഷയം അവസാനിക്കാൻ പോകുകയാണെന്ന് പുതിൻ മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചത്. “വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു.”- പുതിൻ പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായി ചർച്ചയ്ക്ക് തയ്യാറാണോ എന്ന് ചോദിച്ചപ്പോൾ, ചർച്ചകൾക്ക് താൻ കൂടുതൽ ഇഷ്ടപ്പെടുന്നത് മുൻ ജർമൻ ചാൻസലർ ജെറാർഡ് ഷ്രോഡറെയാണെന്നായിരുന്നു പുതിന്റെ മറുപടി. അതേസമയം യൂറോപ്യൻ യൂണിയൻ നേതാക്കൾ ചർച്ചകൾക്കായി തയ്യാറെടുക്കുകയാണെന്നാണ് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
