കൊച്ചി:ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത് കാരണം യാത്രക്കാർ കടുത്ത ദുരിതത്തിലായി. ഉച്ചയ്ക്ക് 12.15-ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് അവസാന നിമിഷം റീഷെഡ്യൂൾ ചെയ്തത്. എന്നാൽ, പുതുക്കിയ സമയം എപ്പോഴാണെന്ന് കൃത്യമായി അറിയിക്കാൻ വിമാനക്കമ്പനി അധികൃതർ തയ്യാറായിട്ടില്ല. ഇതിനുപുറമേ, വിമാനത്താവളത്തിന് ഉള്ളിൽ കാത്തിരുന്ന യാത്രക്കാരോട് പുറത്തുപോകാൻ അധികൃതർ ആവശ്യപ്പെട്ടത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
സ്പൈസ് ജെറ്റ് വിമാനങ്ങൾ സ്ഥിരമായി റദ്ദാക്കുന്നതും വൈകുന്നതും കാരണം യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നെടുമ്പാശ്ശേരി വിമാനത്താവള അധികൃതർ മുൻപ് വിഷയത്തിൽ ഇടപെട്ടിരുന്നു. തുടർച്ചയായ സർവീസ് മുടങ്ങലുകൾക്കെതിരെ സ്പൈസ് ജെറ്റിന് സിയാൽ ഔദ്യോഗികമായി നോട്ടീസ് അയക്കുകയും ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കുകയും ചെയ്തിരുന്നു. എന്നിട്ടും വിമാനക്കമ്പനിയുടെ ഭാഗത്തുനിന്ന് യാതൊരുവിധ മാറ്റവും ഉണ്ടായിട്ടില്ലെന്നാണ് പുതിയ സംഭവം വ്യക്തമാക്കുന്നത്.
മുൻകൂട്ടി അറിയിപ്പൊന്നുമില്ലാതെ വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യുന്നതും സർവീസുകൾ മുടങ്ങുന്നതും പതിവായതോടെ സ്പൈസ് ജെറ്റിൽ ടിക്കറ്റെടുത്ത നൂറുകണക്കിന് യാത്രക്കാരാണ് നിലവിൽ വിമാനത്താവളത്തിൽ വലയുന്നത്. ജോലി ആവശ്യങ്ങൾക്കും മറ്റുമായി അടിയന്തരമായി ദുബായിലേക്ക് പോകേണ്ടവർ പോലും കൃത്യമായ വിവരങ്ങൾ ലഭിക്കാതെ പ്രതിസന്ധിയിലായിരിക്കുകയാണ്.



