ദുബായ്: യുഎഇയിൽ കഠിനമായ വേനൽച്ചൂടിന് ആശ്വാസമായി കാലാവസ്ഥ മാറുന്നു. ഒക്ടോബർ മാസത്തോടെ താപനില ക്രമേണ കുറയുമെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത വർധിക്കുമെന്നും കാലാവസ്ഥാ കേന്ദ്രങ്ങൾ അറിയിച്ചു. വേനൽക്കാലത്ത് നിന്ന് തണുപ്പുകാലത്തേക്കുള്ള മാറ്റത്തിന്റെ സമയമാണ് ഒക്ടോബർ. മാസത്തിന്റെ രണ്ടാം പകുതിയോടെ താപനിലയിൽ പ്രകടമായ കുറവുണ്ടാകും. ഒക്ടോബർ പകുതിയോടെ ആരംഭിക്കുന്ന ‘അൽ വസ്മ്’ സീസണോടെയാണ് രാജ്യത്ത് തണുത്ത കാറ്റും മഴസാധ്യതയും ശക്തമാകുന്നത്.
കിഴക്കൻ മലയോര മേഖലകളിൽ മഴമേഘങ്ങൾ രൂപപ്പെടാൻ സാധ്യത കൂടുതലാണ്. ഇതുമൂലം ചിലയിടങ്ങളിൽ പെട്ടെന്നുള്ള ശക്തമായ കാറ്റിനും പൊടിപടലങ്ങൾ ഉയരുന്നതിനും കാഴ്ചപരിധി കുറയുന്നതിനും സാധ്യതയുണ്ട്. ഒക്ടോബർ പകുതിയോടെ തണുപ്പുകാല മേഘങ്ങൾ ദൃശ്യമായിത്തുടങ്ങുമെന്നും ശരത്കാലത്തിന്റെ രണ്ടാം പകുതിയിൽ മഴ സാധ്യത കൂടുതലാണെന്നും എമിറേറ്റ്സ് അസ്ട്രോണമി സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അൽ ജർവാൻ വ്യക്തമാക്കി.
സൂര്യൻ ഭൂമധ്യരേഖയ്ക്ക് മുകളിലൂടെ തെക്കോട്ട് നീങ്ങുന്നതോടെ പകലും രാവും തുല്യ ദൈർഘ്യത്തിലാവുകയും തുടർന്ന് രാത്രിയുടെ ദൈർഘ്യം കൂടുകയും ചെയ്യും. അറേബ്യൻ കടലിൽ നിന്നും ഒമാൻ ഉൾക്കടലിൽ നിന്നുമുള്ള ഈർപ്പമുള്ള കാറ്റും അന്തരീക്ഷ വ്യതിയാനങ്ങളും ചേരുന്നതോടെ രാജ്യത്ത് മഴ ലഭിക്കാനുള്ള സാധ്യത വർധിക്കും. വരും ദിവസങ്ങളിൽ കൂടുതൽ ആശ്വാസകരമായ കാലാവസ്ഥയാണ് യുഎഇയെ കാത്തിരിക്കുന്നത്.



