കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വ. ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു.
ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി നൽകിയ ഹർജിയാണ് ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഹർജിയിൽ സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും ഉൾപ്പെടെയുള്ള കക്ഷികൾക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി ഒക്ടോബർ 22 വരെ സമയം നൽകി. നിലവിലെ സ്ത്രീപ്രവേശന കേസിലെ സുപ്രീംകോടതി വിധി കൂടി പരിഗണിച്ച ശേഷമാകും ദർശനാനുമതിയിൽ അന്തിമ നിലപാട് സ്വീകരിക്കുകയെന്നതാണ് സർക്കാർ നിലപാട്.


