ന്യൂഡൽഹി: പശ്ചിമബംഗാളിൽ വോട്ടെണ്ണൽ സൂപ്പർവൈസർമാരായി കേന്ദ്ര സർക്കാർ ജീവനക്കാരെ നിയോഗിച്ചതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജിയിൽ ഇടപെടാതെ സുപ്രീം കോടതി. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിൻ്റെ അന്തഃസത്ത പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് തൃണമൂൽ കോൺഗ്രസിനായി വാദിച്ചത്. വോട്ടെണ്ണൽ സൂപ്പർവൈസർമാരായി സംസ്ഥാന സർക്കാർ ജീവനക്കാരെ ഒഴിവാക്കിയെന്നും കേന്ദ്രസർക്കാർ ജീവനക്കാരെ മാത്രമാണ് നിയമിച്ചതെന്നും തൃണമൂൽ കോൺഗ്രസ് വാദിച്ചു. ഭരണഘടന വിരുദ്ധമെന്നും ടിഎംസി പറഞ്ഞു. കൗണ്ടിംഗ് ഏജൻ്റുമാർ ഉൾപ്പടെ ഉളളവർ ഓരോ ടേബിളിലും ഉണ്ടല്ലോ എന്ന് സുപ്രീംകോടതി ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ താല്പര്യം ആണ് പ്രധാനമെന്നും കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥനെ നിയോഗിക്കാനുള്ള തീരുമാനത്തിൽ തെറ്റില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിൻ്റെ പ്രതിനിധിയെ നിയോഗിക്കാത്തത് അനുപാതത്തിന് വിരുദ്ധമെന്ന് തൃണമൂൽ വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി തയാറായില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാദം രേഖപ്പെടുത്തിയാണ് നടപടി.



