ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍. തമിഴ്‌നാട് സർക്കാരിന്റെ ബജറ്റിലാണ് ധനമന്ത്രി മാരി വില്‍സണിന്റെ പ്രഖ്യാപനം വന്നത്. കാവേരി നദീജല തര്‍ക്കത്തിലും പ്രഖ്യാപനമുണ്ടായി. അര്‍ഹതപ്പെട്ട ജലം നേടിയെടുക്കും. മേക്കേദാട്ട് അണക്കെട്ടിനെ എതിര്‍ക്കുമെന്നും ജലദൗര്‍ലഭ്യം ഇല്ലാതാക്കാന്‍ നടപടിയെടുക്കുമെന്നും മാരി വില്‍സണ്‍ അറിയിച്ചു. നിലവില്‍ 136 അടിയാണ് മുല്ലപ്പെരിയാറിന്റെ ജലനിരപ്പ്. നേരത്തെ തന്നെ മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
തമിഴ്നാട് നിയമസഭയിലെ നയപ്രഖ്യാപനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്. അതിനിടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനാ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റിയതും വിവാദമായിരുന്നു. പരിശോധനയ്ക്കായി ഇക്കൊല്ലം ജനുവരിയില്‍ രൂപീകരിച്ച സമിതിയില്‍ നിന്ന് കേരളം നിര്‍ദേശിച്ച വിദഗ്ധനെ ഒഴിവാക്കിയത് വിവാദമായിരുന്നു. ടി കെ ശിവരാജനെയാണ് കേന്ദ്രം ഏകപക്ഷീയമായി മാറ്റിയത്.
പകരം യുപി സ്വദേശിയായ എം. എല്‍ ശര്‍മയെയാണ് നിയമിച്ചത്. വിമർശനം ശക്തമായതോടെ കേരളത്തിന്റെ പ്രതിനിധിയെ ഉള്‍പ്പെടുത്താന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു. കേരളത്തിന്റെ ശുപാർശയുടെ അടിസ്ഥാനത്തിൽ അശുതോഷ് ഡാഷിനെയാണ് സമിതിയിലേക്ക് നിയമിച്ചത്. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം രൂപീകരിച്ചതാണ് സമഗ്ര സുരക്ഷാ പരിശോധന സമിതി.
