തിരുവനതപുരം : വിഴിഞ്ഞത്തെ വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിൽ ഭിന്നാഭിപ്രായം ഇല്ലെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഓരോ നേതാക്കളും അവരവരുടെ ശൈലിയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്ന് എം സ്വരാജ് പറഞ്ഞു. പാർട്ടി ഇക്കാര്യത്തിൽ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എല്ലാം നിയമപരവും സർക്കാരിന്റെ അറിവോടെയും ആയിരിക്കണം എന്നാണ് പറഞ്ഞിട്ടുള്ളത്. ഓരോ നേതാക്കളുടെ പ്രതികരണത്തിലുമുള്ള വിശദീകരണം അവരോട് തന്നെ തേടണമെന്നും സ്വരാജ് പറഞ്ഞു. വിഴിഞ്ഞം വിദേശ നിക്ഷപവുമായി ബന്ധപ്പെട്ട ദേശാഭിമാനി വാർത്തയിലും സ്വരാജ് പ്രതികരിച്ചു. ദേശാഭിമാനിക്കെതിരെ മുഖ്യമന്ത്രി പറഞ്ഞത് വസ്തുതാപരമല്ലെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. വാർത്ത നേരത്തേതന്നെ മറ്റുപത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു ലേഖകൻ ലഭ്യമായ സോഴ്‌സിനെ അവലംബിച്ചു കൊണ്ടായിരിക്കും റിപ്പോർട്ട് തയ്യാറാക്കിയതെന്നും അത്തരം കാര്യങ്ങൾ ചർച്ചയാക്കേണ്ടതില്ലെന്നും സ്വരാജ് പറഞ്ഞു.



