ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം ആകാനൊരുങ്ങുന്ന ദുബൈ അൽ മക്തൂമിൽ ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ഓട്ടോമേറ്റഡ് പീപ്പിൾ മൂവറും ഒരുങ്ങുന്നു. 50 കിലോമീറ്റർ നീളത്തിലാണ് വിമാനത്താവളത്തിന്റെ വിശാലമായ ടെർമിനൽ സമുച്ചയങ്ങളെയും മറ്റ് പ്രധാന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന ഡ്രൈവർ രഹിത പീപ്പിൾ മൂവർ നിർമിക്കുന്നത്. അൽ മക്തൂം വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം 2032ലാണ് പൂർത്തിയാകുന്നുതെങ്കിൽ അതിന് ഒരു വർഷം മുമ്പ് പീപ്പിൾ മൂവർ പൂർത്തിയാകും. 2031 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന പദ്ധതിയുടെ നിർമാണ കരാർ നൽകിയിട്ടുണ്ട്.
ദുബൈയുടെ പുതിയ മുഖമായി മാറുന്ന അൽ മക്തൂം വിമാനത്താവളത്തിന്റെ പീപ്പിൾ മൂവറിൽ ഇന്ത്യൻ സാന്നിധ്യവുമുണ്ട്. ദുബൈ ഏവിയേഷൻ സിറ്റി കോർപറേഷന്‍റെ കരാർ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിനും ഇന്ത്യൻ സ്ഥാപനമായ ലാർസൻ ആൻഡ് ടൂബ്രോക്കുമാണ് ലഭിച്ചിട്ടുള്ളത്. പദ്ധതിയുടെ വലുപ്പവും സങ്കീർണതയും ഏറെ വലുതാതെന്നും സുരക്ഷയ്ക്കും ഗുണനിലവാരത്തിനും ശക്തമായ പ്രാധാന്യം നൽകിയാണ് നടപ്പാക്കുകയെന്നും ലാർസൻ ആൻഡ് ടൂബ്രോ ട്രാൻസ്പോർട്ടേഷൻ ഇൻഫ്രാസ്ട്രക്ചർ വിഭാഗം മേധാവി രാംകുമാർ സുന്ദരരാജൻ വ്യക്തമാക്കി.



