ഷാർജ: റോഡ് യാത്രികരുടെ ജീവന് ഭീഷണിയാകും വിധം മാരകമായ ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ രണ്ട് ഡ്രൈവർമാരെ ഷാർജ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങൾ പൊലീസ് കണ്ടുകെട്ടുകയും തുടർ നിയമനടപടികൾക്കായി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. അശ്രദ്ധമായും മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന രീതിയിലും വാഹനമോടിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇവരെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ രണ്ടാമത്തെ ഡ്രൈവറെ കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇയാൾക്ക് നേരത്തെ തന്നെ ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തിയിരുന്നതായും സമാനമായ മറ്റ് ട്രാഫിക് കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പൊലീസ് സർക്കുലർ നിലവിലുണ്ടായിരുന്നതായും കണ്ടെത്തി. മുൻപും നിരവധി തവണ ട്രാഫിക് നിയമങ്ങൾ ലംഘിച്ച ചരിത്രമുള്ളയാളാണ് ഇയാളെന്ന് അധികൃതർ വ്യക്തമാക്കി.
അപകടകരമായ രീതിയിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാർ ഷാർജയിൽ അറസ്റ്റിൽ
