തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരി മുതൽ അമീബിക് മസ്തിഷ്കജ്വരത്തിന് ചികിത്സയിലാണെന്ന് വെളിപ്പെടുത്തി സോളാർ കേസ് പ്രതി സരിത എസ്. നായർ. കടുത്ത പനി അനുഭവപ്പെടുന്നുണ്ടെന്നും ഇത് മസ്തിഷ്കജ്വരത്തിന്റെ ഭാഗമാണോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നമാണോ എന്ന് വ്യക്തമല്ലെന്നും സരിത ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
ചികിത്സയുടെ ഭാഗമായി നിരവധി കുത്തിവെപ്പുകളും ഡ്രിപ്പുകളും സ്വീകരിക്കുന്നുണ്ട്. ഫെബ്രുവരി പകുതിയോടെ ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് ഇടതുകൈയിൽ അപ്രതീക്ഷിതമായി ഗുരുതരമായ വേദന അനുഭവപ്പെട്ടത്. വലിയ സൂചി കുത്തുന്നതുപോലെയും ആരോ കൈ പിടിച്ചുവലിക്കുന്നതുപോലെയുമായിരുന്നു വേദന. പിന്നാലെ കൈ അനക്കാൻ കഴിയാതായെന്നും വേദനസംഹാരികൾ നൽകിയിട്ടും ആശ്വാസം ലഭിച്ചില്ലെന്നും സരിത പറയുന്നു.
അടിയന്തരമായി നടത്തിയ അൾട്രാസൗണ്ട് ഡോപ്ലർ പരിശോധനയിൽ ഇടതുകൈയിലെ രക്തയോട്ടം ഗണ്യമായി കുറഞ്ഞതായി കണ്ടെത്തി. കൈപ്പത്തിയിലേക്ക് രക്തം എത്തുന്നില്ലെന്നും തോളുമുതൽ കൈപ്പത്തിവരെയുള്ള ഭാഗത്തെ രക്തയോട്ടം വളരെ കുറവാണെന്നും പരിശോധനയിൽ വ്യക്തമായി. തുടർന്ന് നടത്തിയ സി.ടി ആൻജിയോഗ്രാമിൽ രക്തക്കുഴലുകൾക്ക് തകരാറും രണ്ട് പ്രധാന ബ്ലോക്കുകളും കണ്ടെത്തിയെന്നാണ് സരിതയുടെ വിശദീകരണം.
അമീബിക് മസ്തിഷ്കജ്വരത്തിനുള്ള ചികിത്സ തുടരുന്നതിനാൽ ആറുമണിക്കൂർ ഇടവിട്ട് ഹെപ്പാരിൻ കുത്തിവെപ്പ് നൽകിയിരുന്നു. ഇതിനിടെ ഇടതുകൈ കരിനീല നിറത്തിലായി. കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാർ പരിശോധിച്ച് രക്തയോട്ടം മെച്ചപ്പെടുത്താനുള്ള മരുന്നുകൾ നൽകിയെങ്കിലും മസ്തിഷ്കജ്വരം നിലനിൽക്കുന്നതിനാൽ ഉടൻ ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞില്ല. തുടർന്നാണ് തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് റഫർ ചെയ്തത്.
ശ്രീചിത്രയിൽ നടത്തിയ പരിശോധനയിൽ കൈയിലെ രക്തക്കട്ട സബ്ക്ലേവിയൻ ഭാഗത്തേക്ക് എത്തിയതായി കണ്ടെത്തിയെന്നും ഇത് മസ്തിഷ്കത്തിലേക്ക് എത്തിയിരുന്നെങ്കിൽ ജീവൻ അപകടത്തിലാകുമായിരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചതായും സരിത പറയുന്നു. വീണ്ടും രക്തക്കട്ട രൂപപ്പെടാനുള്ള സാധ്യതയും മസ്തിഷ്കജ്വരവും പരിഗണിച്ച് ആ ഘട്ടത്തിൽ ശസ്ത്രക്രിയ നടത്താനായില്ല.
കൈയിലേക്കുള്ള രക്തയോട്ടം തുടർച്ചയായി കുറഞ്ഞതോടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ ഗാംഗ്രീൻ ബാധിച്ചു. ജൂലൈയോടെ അണുബാധ അസ്ഥിയിലേക്കും വ്യാപിച്ചതിനെ തുടർന്ന് വിരൽ മുറിച്ചുമാറ്റേണ്ടിവന്നതായും സരിത വെളിപ്പെടുത്തി. ശ്രീചിത്രയിലെ പരിശോധനയിലാണ് അപൂർണമായി രൂപപ്പെട്ട ഒരു സെർവിക്കൽ അസ്ഥി കണ്ടെത്തിയതെന്നും ഇനിയും രക്തക്കട്ട രൂപപ്പെടാനുള്ള സാധ്യതയുണ്ടെന്നും അവർ കുറിച്ചു.
അമീബിക് മസ്തിഷ്കജ്വരം ഭേദമായശേഷം കാർഡിയോ തൊറാസിക് ശസ്ത്രക്രിയ നടത്തേണ്ടിവരും. വാസ്കുലൈറ്റിസ്, മോണോന്യൂറൈറ്റിസ് മൾട്ടിപ്ലക്സ് എന്നീ അപൂർവ രോഗങ്ങൾക്കും നേരത്തേതന്നെ ചികിത്സയിലാണെന്നും സരിത അറിയിച്ചു.
പത്തനാപുരത്തെ സ്വകാര്യ ആശുപത്രിക്കെതിരെ അടുത്തിടെ ഉയർന്ന ചികിത്സാപ്പിഴവ് ആരോപണത്തെക്കുറിച്ചും സരിത കുറിപ്പിൽ പരാമർശിച്ചു. നേരിട്ടറിയാത്ത വിഷയത്തിൽ അഭിപ്രായം പറയുന്നില്ലെന്നും ചികിത്സയോട് ഓരോ വ്യക്തിയുടെയും ശരീരം വ്യത്യസ്തമായാണ് പ്രതികരിക്കുകയെന്നും അവർ പറഞ്ഞു. ചികിത്സാപ്പിഴവാണെന്ന് ആരോപിക്കുന്നതിനു മുമ്പ് വൈദ്യശാസ്ത്രപരമായ വശങ്ങൾ പരിശോധിക്കണം. വസ്തുതകൾ മനസ്സിലാക്കാതെ ഡോക്ടർമാരെ കുറ്റപ്പെടുത്തരുതെന്നും സരിത ആവശ്യപ്പെട്ടു.
തുടർച്ചയായ രോഗങ്ങളും വേദനകളും നേരിടുന്നുണ്ടെങ്കിലും തലയുയർത്തി ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് സരിത പറഞ്ഞു. ശസ്ത്രക്രിയ സ്ഥിരീകരിച്ചാൽ വിവരം അറിയിക്കാമെന്നും കൂടെ നിൽക്കുന്നവർ പ്രാർഥിക്കണമെന്നും അഭ്യർഥിച്ചാണ് ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്. പോസ്റ്റിലെ ചികിത്സാസംബന്ധമായ വിവരങ്ങൾ സരിത എസ്. നായരുടെ സ്വന്തം വെളിപ്പെടുത്തലുകളാണ്.



