ദേവരയിലെ ‘ചുട്ടമല്ലെ’ ഗാനത്തിലെ ദൃശ്യങ്ങൾ ഉപയോഗിച്ച് നിർമിച്ച മോർഫ് ചെയ്ത എഐ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെതിരെ നടൻ ജൂനിയർ എൻടിആർ രംഗത്ത്. ജാൻവി കപൂറിനൊപ്പമുള്ള ഗാനരംഗങ്ങളാണ് കൃത്രിമമായി മാറ്റി പ്രചരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തെ അദ്ദേഹം ശക്തമായി അപലപിച്ചു
വീഡിയോ നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്ന് ജൂനിയർ എൻടിആർ വ്യക്തമാക്കി. ഇത്തരം ഉള്ളടക്കങ്ങൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിച്ചു.
എഐ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എഐ ദുരുപയോഗത്തിനെതിരെ കർശന നിയന്ത്രണങ്ങൾ കൊണ്ടുവരണമെന്നും ജൂനിയർ എൻടിആർ ആവശ്യപ്പെട്ടു
ഡീപ്‌ഫേക്ക് ഉൾപ്പെടെയുള്ള സിന്തറ്റിക് കണ്ടന്റുകൾക്കെതിരെ ഇന്ത്യയിലെ ഐടി ചട്ടങ്ങളിലും 2026ൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. നിയമവിരുദ്ധമായ എഐ ഉള്ളടക്കം തടയാനും റിപ്പോർട്ട് ലഭിച്ചാൽ വേഗത്തിൽ നീക്കം ചെയ്യാനും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് കൂടുതൽ ഉത്തരവാദിത്വം നൽകുന്നതാണ് പുതിയ വ്യവസ്ഥകൾ.



