മീററ്റ്: മീററ്റിൽ പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഭാര്യ ഭർത്താവിനെ കൊലപ്പെടുത്തി. ഹസ്തിനാപൂർ സ്വദേശിയായ അതുൽ കുമാർ പൻവാർ (32) ആണ് കൊല്ലപ്പെട്ടത്. സ്വകാര്യ സ്കൂൾ അഡ്മിനിസ്ട്രേറ്ററായിരുന്നു. ഉറക്കഗുളിക നൽകി മയക്കി വെള്ളിക്കെട്ടൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചായിരുന്നു കൊലപാതകം. ഭാര്യ ദാമിനിയും കാമുകൻ തുഷാറും ചേർന്ന് ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ 4 പേരെ അറസ്റ്റു ചെയ്തു. സ്വഭാവിക പാമ്പുകടിയേറ്റുള്ള മരണമെന്ന് വരുത്തിത്തീർത്ത് 20 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനും, ഒപ്പം ജീവിക്കാൻ തടസ്സമായി നിന്ന ഭർത്താവിനെ ഒഴിവാക്കാനും വേണ്ടിയാണ് ഭാര്യയും കാമുകനും ചേർന്ന് ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്.
കൊല്ലപ്പെട്ട അതുൽ കുമാർ പൻവാർ, ഹസ്തിനാപൂരില് ഒരു പ്ലേ സ്കൂൾ നടത്തിവരികയായിരുന്നു.അതുലിന്റെ ഭാര്യ ദാമിനി (30), ഇവരുടെ സ്കൂളിലെ ബസ് ഡ്രൈവറും ദാമിനിയുടെ കാമുകനുമായ തുഷാർ കുമാർ (34). പാമ്പുപിടുത്തക്കാരായ സോനു, ഉദയ് കുമാർ എന്നിവരുമാണ് കേസിലെ പ്രതികൾ. പാമ്പിനെ എത്തിച്ചു നൽകിയതിന് സോനു, ഉദയ് കുമാർ എന്നിവർക്ക് 5 ലക്ഷം രൂപ വാഗ്ദാനം ചെയ്തിരുന്നു.വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ദാമിനിയും അതുലും പ്രണയിച്ച് വിവാഹം കഴിച്ചവരായിരുന്നു. എന്നാൽ സ്കൂൾ തുടങ്ങിയതിനു ശേഷം ഡ്രൈവറായ തുഷാറുമായി ദാമിനി പ്രണയത്തിലായി. തുടർന്ന് ഇരുവരും ചേർന്ന് അതുലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. രാത്രി ദാമിനി ഭർത്താവ് അതുലിന് കുടിക്കാൻ നൽകിയ പാലിൽ ഉറക്കഗുളികകൾ കലർത്തി നൽകി. പാൽ കുടിച്ച അതുൽ ബോധരഹിതനായി. അതുൽ ഉറങ്ങിയെന്ന് ഉറപ്പാക്കിയ ദാമിനി കാമുകൻ തുഷാറിനെ വിവരമറിയിച്ചു. തുഷാർ പാമ്പുപിടുത്തക്കാരായ സോനു, ഉദയ് എന്നിവർക്കൊപ്പം അതിമാരക വിഷമുള്ള വെള്ളിക്കട്ടൻ പാമ്പുമായി അതുലിന്റെ വാടകവീട്ടിലെത്തി.
പ്രതികൾ ഉറങ്ങിക്കിടന്ന അതുലിന്റെ പുതപ്പിനുള്ളിലേക്ക് പാമ്പിനെ തുറന്നുവിട്ടു. പാമ്പ് അതുലിന്റെ കയ്യിലും കാലിലും കടിച്ചതോടെ വിഷം ഉള്ളിൽച്ചെന്ന് അതുൽ മരണപ്പെട്ടു. തുടർന്ന് ദാമിനി ആറ് വയസ്സുകാരനായ മകനെയും കൂട്ടി മറ്റൊരു മുറിയിലേക്ക് മാറി കിടന്നു. രാവിലെ ചായ കൊടുക്കാൻ മുറിയിൽ ചെന്നപ്പോൾ അതുൽ അബോധാവസ്ഥയിലാണെന്നും കട്ടിലിൽ പാമ്പുണ്ടെന്നും ദാമിനി നാട്ടുകാരെ വിളിച്ച് പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി കട്ടിലിലുണ്ടായിരുന്ന പാമ്പിനെ തല്ലിക്കൊല്ലുകയും അതുലിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.
