കരുവന്നൂർ കേസ്: പാർട്ടിയെ തകർത്തു കളയാമെന്നത് വ്യാമോഹം’; സിപിഐഎം

തൃശ്ശൂർ: കരുവന്നൂർ ഇഡി കേസ് നിയമപരമായും രാഷ്ട്രീയമായും നേരിടാൻ സിപിഐഎം. സഹകരണ ബാങ്ക് ക്രമക്കേടിന്റെ പേരിൽ പാർട്ടിയെയും ജില്ലാ സെക്രട്ടറിമാരെയും പ്രതിചേർക്കുന്നത് കേട്ടുകേൾവിയില്ലാത്ത സംഭവം. നേതാക്കളെ വേട്ടയാടി പാർട്ടിയെ തകർത്തു കളയാമെന്നത് ബിജെപിയുടെയും ഇഡി അടക്കമുള്ള ഏജൻസികളുടെയും വ്യാമോഹം മാത്രമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

കെ.രാധാകൃഷ്ണനും എ.സി മൊയ്തീനും എം എം വർഗീസും അടക്കമുള്ള നേതാക്കളെ ജനങ്ങൾക്ക് നന്നായി അറിയാം. അവർ അഴിമതി നടത്തിയന്നോ കൊള്ളയടിച്ചു എന്നോ പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറയുന്നു. ഇവരെ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയാണ്‌ പ്രതിചേർത്തത്‌ എന്ന്‌ വ്യക്തമാണ്‌. ബി.ജെ.പിയുടെ ദാസൻമാരായി നിന്നുകൊണ്ട്‌ ജനകീയ നേതാക്കളെ അപകീർത്തിപ്പെടുത്താനും അതുവഴി പാർട്ടിയെ തന്നെ ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത പദ്ധതികളുടെ ഭാഗമാണിത്‌. അതിന്‌ മുന്നിൽ കീഴടങ്ങാൻ ഒരുക്കമല്ലെന്ന് സിപിഐഎം വ്യക്തമാക്കി.

പാർട്ടി ജില്ലാ സെക്രട്ടറിമാരായിരുന്ന ഇവർ കരുവന്നൂർ ബാങ്കിലെ അഴമിതിക്കാരെ പുറത്തുകൊണ്ടുവരാനും ബാങ്കിനെ രക്ഷിച്ചെടുക്കാനും ശ്രമിച്ചവരാണ്‌. സർക്കാരിനൊപ്പം നിന്ന്‌ അഴിമതിക്കാർക്കെതിരെ പോരാടുകയും ബാങ്കിന്റെ പ്രവർത്തനം പുനഃസ്ഥാപിച്ച്‌ നിക്ഷേപകർക്ക്‌ പണം തിരികെ നൽകാൻ സംവിധാനമുണ്ടാക്കുകയുമാണ്‌ ഇവർ ചെയ്‌തത്‌. ബാങ്കിന്റെ പ്രവർത്തനം പഴയതുപോലെ സുഗമമാക്കാനും ഇവർ പ്രയത്‌നിച്ചു. കരുവന്നൂർ ബാങ്കിന്‌ എതിരെയുള്ള ആരോപണങ്ങൾ അന്വേഷിച്ച്‌ വസ്‌തുതകൾ പുറത്തുകൊണ്ടുവന്നതും പ്രതികളെ പിടികൂടിയതും സംസ്ഥാന പൊലീസും സഹകരണ വകുപ്പും നടത്തിയ അന്വേഷണത്തെ തുടർന്നാണ്‌. ക്രൈംബ്രാഞ്ച്‌ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ്‌ രാഷ്ട്രീയ താൽപര്യങ്ങളോടെ ഇ ഡി വന്നു കയറിയതെന്ന് സിപിഐഎം കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *